തിരുവനന്തപുരം
കെ -റെയിലിന്റെ ‘സിൽവർലൈൻ’ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ ചരക്കുനീക്കത്തിൽ വൻ കുതിപ്പുണ്ടാകും. പകൽ യാത്രാവണ്ടിയും രാത്രിയിൽ റോറോ (റോൾ ഓൺ റോൾ) സർവീസും നടപ്പാക്കുന്ന വിധത്തിലാണ് പദ്ധതി. ആദ്യം പ്രതിദിനം 480 ട്രക്ക് കൊണ്ടുപോകാനാകും. ട്രക്കുകൾ കയറ്റിയ 40 വാഗൺ വലിക്കാൻ ശേഷിയുള്ളവയാണ് ലോകോമോട്ടീവുകൾ. ഇരുവശത്തേക്കും ഓടിക്കാവുന്നവയായതിനാൽ ഷണ്ടിങ്ങിന്റെ ആവശ്യമില്ല.
പൊതു–-സ്വകാര്യ പങ്കാളിത്തത്തിലാണ് റോറോ സംവിധാനം. ഏറ്റെടുക്കുന്ന ഏജൻസിക്ക് യാത്രക്കാരുടെ വാഹനം കൊണ്ടുപോകാനുള്ള സൗകര്യമുൾപ്പെടെ ഏർപ്പെടുത്താം. ചരക്ക് ഗതാഗതത്തിന് ഏറ്റവും അനുകൂല പ്രതികരണമാണ് കെ–-റെയിലിന് ലഭിച്ചത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവ കൂടാതെ വലുതും ചെറുതുമായ 19 നഗരത്തിലും കെ–-റെയിൽ സർവേ നടത്തി.
11 യാത്രാ സ്റ്റേഷനും അഞ്ച് റോറോ സ്റ്റേഷനുമാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. യാത്രാസ്റ്റേഷനിൽനിന്ന് മാറിയാകും റോറോ ഡിപ്പോകൾ. ട്രക്കുകൾ ഉൾപ്പെടെ റോറോ പ്ലാറ്റ്ഫോമിലേക്ക് കയറ്റാനും സംവിധാനമുണ്ടാകും. കണ്ണൂരിലും കോഴിക്കോട് വെസ്റ്റ് ഹില്ലിലും വാഹനം കയറ്റിയിറക്കാനാവാത്ത റോറോ സ്റ്റോപ്പുണ്ടാകും. കൊല്ലം, പഴങ്ങനാട്, തിരൂർ, കണ്ണൂർ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി ഡിപ്പോകളുമുണ്ട്.