കൊച്ചി
കിറ്റെക്സ് കമ്പനി പരിസരത്ത് തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തിരിച്ചറിയൽ കാർഡ് കണ്ടെത്തി. പൊലീസിനെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ നാല് അതിഥിത്തൊഴിലാളികളുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോഴാണ്, അക്രമികൾ തട്ടിയെടുത്തതെന്ന് കരുതുന്ന തിരിച്ചറിയൽ കാർഡ് കണ്ടെത്തിയത്. സംഭവദിവസം കൺട്രോൾ റൂം വാഹനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടേതാണ് കാർഡ്.
വ്യാഴം രാവിലെയാണ് നാലു പ്രതികളെ കോലഞ്ചേരി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിയ്യൂർ ജയിലിൽനിന്നാണ് പ്രതികളെ എത്തിച്ചത്. ജനുവരി ഒന്നുവരെയാണ് കസ്റ്റഡി. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ മണിപ്പുർ സ്വദേശികൾ ഗുൽസൻ സിങ് (24), സെർടോ ഹെൻജാകുപ്പ് (24), മെയ്റെമ്പാം ബോയ്ച (24), 14–-ാം പ്രതി ജാർഖണ്ഡ് സ്വദേശി ലൂയിസ് ഹെംബ്റോൺ (21) എന്നിവരെയാണ് തെളിവെടുപ്പിന് കിറ്റെക്സിലെത്തിച്ചത്.
ആലുവ ഡിവൈഎസ്പി അനൂജ് പലിവാൽ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷകസംഘത്തിലുള്ള പെരുമ്പാവൂർ എസ്എച്ച്ഒ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പൊലീസ്ജീപ്പ് കത്തിച്ച സ്ഥലവും രീതിയും പ്രതികൾ വിവരിച്ചു. മറ്റൊരു ജീപ്പ് മറിച്ചിടാൻ ശ്രമിച്ചത് കത്തിക്കാനായിരുന്നുവെന്നും പ്രതികൾ പറഞ്ഞു. തുടർന്ന് ഇവരെ ലേബർ ക്യാമ്പിൽ എത്തിച്ചു. സംഭവദിവസമുണ്ടായ മറ്റു കാര്യങ്ങളും പ്രതികളിൽനിന്ന് ചോദിച്ചറിഞ്ഞു. ഇതിനിടെ, പൊലീസ് ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും ചേർന്ന് ലേബർ ക്യാമ്പിലെ എല്ലാ മുറികളും പരിശോധിച്ചു. തഹസിൽദാരും തെളിവെടുത്തു.
ഇൻസ്പെക്ടർക്ക് ശസ്ത്രക്രിയ നടത്തി;
എഎസ്ഐയും ആശുപത്രിയിൽത്തന്നെ
സാബു ജേക്കബിന്റെ കിറ്റെക്സിലെ അതിഥിത്തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഇൻസ്പെക്ടർ വി ടി ഷാജന്റെ കൈവിരലിൽ വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി സ്റ്റീൽ ഇട്ടു. തലയിലെ മുറിവിൽ അഞ്ചു തുന്നലുണ്ട്. ഏതാനും ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. വലതുകൈയിലെ വിരൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. തലയുടെ മുകൾഭാഗത്താണ് ആഴത്തിലുള്ള മുറിവ്. കൈവിരലിൽ ഒടിവുള്ള എഎസ്ഐ കെ എ ഫാസിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഫാസിലിന്റെ ഇടതുകൈവിരലിനാണ് ഒടിവ്. പ്ലാസ്റ്റർ ഇട്ടെങ്കിലും ആശുപത്രി വിടാറായിട്ടില്ല.
പരിക്കേറ്റ എസ്ഐ ഒ വി സാജൻ വീട്ടിൽ വിശ്രമത്തിലാണ്. തലയ്ക്കുപിന്നിൽ മരക്കഷ്ണംകൊണ്ടുള്ള അടിയേറ്റാണ് മുറിവേറ്റത്. എട്ടു തുന്നലുണ്ട്. പരിക്കേറ്റ എട്ട് പൊലീസുകാർ ആശുപത്രി വിട്ടു. തൊഴിലാളികളുടെ കല്ലേറിലും മറ്റുമാണ് ഇവർക്ക് പരിക്കേറ്റത്. മുഖത്തും കൈകാലുകളിലും മുറിവും ചതവുമേറ്റവർ പ്രാഥമികചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. സംഘർഷം രൂക്ഷമായപ്പോൾ സമീപ സ്റ്റേഷനുകളിൽനിന്ന് എത്തിയതാണിവർ.
ക്രിസ്മസ്രാത്രിയിലുണ്ടായ സംഭവങ്ങളിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഞ്ഞൂറോളം തൊഴിലാളികളാണ് ഇരുപതോളംവരുന്ന പൊലീസുകാരെ ആക്രമിച്ചത്. ഒരു പൊലീസ്ജീപ്പ് കത്തിച്ചു, നാലെണ്ണം തകർത്തു. 174 പേരെ അറസ്റ്റ് ചെയ്തു.