കൊച്ചി
രണ്ടരലക്ഷം കുടുംബങ്ങളുടെ ഭവനസ്വപ്നങ്ങൾക്ക് ചിറകേകി ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിന് “മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ തുടക്കമായി. ഭൂരഹിതർക്ക് ഭൂമി കണ്ടെത്തുന്നതിന് ആരംഭിച്ച ക്യാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനവും ധാരണപത്രം കൈമാറലും തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. മൂന്നുവർഷംകൊണ്ട് ഭൂരഹിത–-ഭവനരഹിതരായ രണ്ടരലക്ഷംപേർക്ക് വീടിനായി ഭൂമിയോ ഭൂമിയുടെ വിലയോ നൽകാനാണ് ലക്ഷ്യമിടുന്നത്.
ആദ്യസംഭാവനയുടെ ധാരണപത്രം കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി ബി സമീർ എന്നിവരിൽനിന്ന് മന്ത്രി സ്വീകരിച്ചു. 1000 ഗുണഭോക്താക്കൾക്ക് പരമാവധി രണ്ടരലക്ഷം രൂപവീതം ആകെ 25 കോടി രൂപ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകും. പ്രവാസിയായ പൂങ്കുഴിയിൽ പി ബി സമീർ 50 സെന്റ് സ്ഥലം കൈമാറുന്നതിന്റെ ധാരണപത്രം കൈമാറി. സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദിന് മന്ത്രി കൈമാറി. നടൻ വിനായകൻ മുഖ്യാതിഥിയായി.
ആന്റണി ജോൺ എംഎൽഎ, മേയർ എം അനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശഭരണ സെക്രട്ടറി ബിജു പ്രഭാകർ, ലൈഫ് മിഷൻ സിഇഒ പി ബി നൂഹ്, കലക്ടർ ജാഫർ മാലിക്, പി എം മജീദ്, കെ എ അൻസിയ എന്നിവർ പങ്കെടുത്തു.