ആലുവ
മദ്യവർജനം ശക്തമാക്കി ലഹരി ഉപയോഗം ഇല്ലാതാക്കി ലഹരിമുക്ത നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഈ ലക്ഷ്യം കൈവരിക്കാൻ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും ലൈബ്രറികൾവഴിയുള്ള വിമുക്തി ക്യാമ്പയിൻ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ, എക്സൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ വിമുക്തി വാരാചരണത്തിന്റെ സംസ്ഥാനതല സമാപനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ കെ അനിൽകുമാർ വിമുക്തിസന്ദേശ പ്രതിജ്ഞ അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു സ്വാഗതവും ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
മധ്യമേഖലാ എക്സൈസ് കമീഷണർ പി കെ സനു ലഹരിമുക്ത നവകേരളത്തെക്കുറിച്ച് ക്ലാസെടുത്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി കെ സോമൻ, വിമുക്തി മിഷൻ ജില്ലാ എക്സിക്യൂട്ടീവ് മുൻ അംഗം എ പി ഉദയകുമാർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ. കൗൺസിൽ ഭാരവാഹികളായ ലിറ്റിഷ ഫ്രാൻസിസ്, പി തമ്പാൻ, കെ രവിക്കുട്ടൻ, വി കെ ഷാജി എന്നിവർ സംസാരിച്ചു.
വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒമ്പതിനായിരത്തിലധികംവരുന്ന ലൈബ്രറികളിലും പതിനായിരത്തോളം തദ്ദേശസമിതികളിലും ലഹരി വിമുക്ത പരിപാടി സംഘടിപ്പിച്ചുവരികയാണ്.