ന്യൂഡൽഹി
കോവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. ഇവർക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി കേരളം മുമ്പേ ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം–- യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. യുജിസി ശമ്പള പരിഷ്കരണം നടപ്പാക്കിയതിന്റെ ഭാഗമായി അമ്പത് ശതമാനം കേന്ദ്ര വിഹിതമെന്ന നിലയിൽ 1061 കോടി രൂപ ലഭിക്കാനുണ്ട്. എത്രയും വേഗം അനുവദിക്കണം. കോവിഡ് കണക്കിലെടുത്ത് കേന്ദ്രം നൽകുന്ന ക്ഷേമപെൻഷൻ വിഹിതം കൂട്ടണം.
കേരളം ക്ഷേമപെൻഷനായി അമ്പതു ലക്ഷം പേർക്ക് പ്രതിമാസം 1600 രൂപ നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ ക്ഷേമപെൻഷൻ 6.8 ലക്ഷം പേർക്ക് മാത്രമാണ്. ഇതാകട്ടെ 200 രൂപമുതൽ അഞ്ഞൂറ് രൂപവരെ മാത്രമാണ്. ഇത് കൂട്ടണം. റബറിന് താങ്ങുവില പ്രഖ്യാപിക്കണം. കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണം. മലബാർ ക്യാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യനിധി പദ്ധതിയിൽ ഉൾപ്പെടുത്തണം. ബഹിരാകാശ ഉൽപ്പന്ന നിർമാണ മേഖലയുടെ ഒരു പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കുന്നതിന് ആവശ്യമായ സഹായമൊരുക്കണം. തൊഴിലുറപ്പ് പദ്ധതി അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയെന്ന പേരിൽ നഗര മേഖലയിലേക്കുകൂടി വ്യാപിപ്പിക്കണം.
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാനങ്ങൾ ടൂറിസം അടക്കം വിവിധ മേഖലകൾക്കായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇത്തരം പദ്ധതികളെ സഹായിക്കുന്നതിനായി ബജറ്റിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണം. മാലിന്യനിർമാർജനം, ജലാശയങ്ങളുടെ ശുചീകരണം, തെങ്ങുകളുടെ ആവർത്തനകൃഷി എന്നിവയ്ക്കായി കേരളത്തിന് 1100 കോടി രൂപയുടെ ഗ്രാന്റ് അനുവദിക്കണമെന്ന് ധനകമീഷൻ നിർദേശിച്ചിരുന്നു. എന്നാൽ, നടപടി റിപ്പോർട്ടിൽ ഇതേക്കുറിച്ച് പരാമർശമില്ല.
പശ്ചാത്തലസൗകര്യ പദ്ധതികൾക്കായി പൊതുവിപണിയിൽനിന്നുള്ള വിഭവസമാഹരണത്തെ ധനകമ്മി നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കണം–- ബാലഗോപാൽ ആവശ്യപ്പെട്ടു.