ആലപ്പുഴ > ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. എസ്ഡിപിഐ ആലപ്പുഴ ഏരിയ സെക്രട്ടറിയായ ആലപ്പുഴ വെള്ളക്കിണർ വാർഡ് കണിയാംപറമ്പ് ഡിമാസ് മൻസിലിൽ സിനു(31) വാണ് അറസ്റ്റിലായത്.
ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് ഇയാളെ പിടികൂടിയത്. ഇതോടെ രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇതിൽ രണ്ടുപേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ്.
18ന് രാത്രി 7.30ന് മണ്ണഞ്ചേരി- പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിലാണ് വീട്ടിലേക്ക് സ്കൂട്ടറിൽപോവുകയായിരുന്ന എസ്ഡിപിഐ നേതാവ് അഡ്വ.കെ എസ് ഷാനെ (38) കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ 19ന് രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം അഡ്വ. രഞ്ജിത് ശ്രീനിവാസനെ (44) വെട്ടിക്കൊന്നു.