കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത വെള്ളക്കിണർ സ്വദേശി അനൂപ് അഷ്റഫ്, റസീബ് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. അനൂപ് അഷ്റഫിനെ ബെംഗളുരുവിൽ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് നിഗമനം. പിടിയിലായവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വഴി മറ്റുള്ള പ്രതികളിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിൻറെ കൊലപാതകത്തിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം എസ്ഡിപി ഐ നേതാവ് ഷാൻ വധക്കേസിൽ മുഖ്യ പ്രതികളടക്കമുള്ളവർ പിടിയിലായി. ഗൂഢാലോചനയിൽ പങ്കാളികളായവരിൽ ചിലർ മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.ആറ് ബൈക്കുകളിലെത്തിയ 12 പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. പുലർച്ചെ വീട്ടിലെത്തിയ പ്രതികൾ വാതിലിൽ മുട്ടുകയും വാതിൽ തുറന്നയുടൻ വീട്ടിൽ കയറി കൊലപാതകം നടത്തുകയുമായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മുന്നിൽ വെച്ചാണ് അക്രമികൾ കൃത്യം നടത്തിയത്.