ഓരോ ആളും അവരുടെ സംസ്കാരം അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. “എൻ്റെ അച്ഛൻ മരണപ്പെട്ട് പോകുന്നത് ഞാൻ കുട്ടിയായിരുന്ന സമയത്താണ്. അദ്ദേഹമൊരു ചെത്തുകാരനായിരുന്നു. ചെത്തുകാരൻ്റെ മകൻ എന്ന് പറഞ്ഞാൽ എനിക്കെന്തോ ക്ഷീണമാണെന്നാണ് ലീഗുകാർ ധരിച്ചിരിക്കുന്നത്. എന്തൊരു അബദ്ധധാരണയാണത്. ഞാൻ എത്രയോവട്ടം പറഞ്ഞതല്ലേ, ചെത്തുകാരൻ്റെ മകനാണ് ഞാനെന്ന്. അതിൽ അഭിമാനം കൊള്ളുന്നുണ്ട്. തൻ്റെ അച്ഛനും ഈ വഖഫ് ബോർഡിലെ പി എസ് സി നിയമനവുമായി എന്ത് ബന്ധമാണുള്ളത്” – എന്നും മുഖ്യമന്ത്രി ചോദിച്ചു.
കോഴിക്കോട് ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പിതാവിൻ്റെ പേരു പരാമർശിച്ച് മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തിയത്.
അടുത്തകാലത്തായി മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്തണിയാൻ ശ്രമിക്കുകയാണ്. എസ്ഡിപിഐയുടെ തീവ്രനിലപാടിലേക്ക് എത്താനും ശ്രമിക്കുകയാണ്. അതിനാൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും പുച്ചിക്കുകയാണ്. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് അവർ ചിന്തിക്കണം. കോൺഗ്രസിന് സംഭവിച്ചത് എന്താണെന്ന് നമ്മൾ കണ്ടു. ലീഗിനും ഇതേ അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് വിഷയത്തിൽ സർക്കാരിന് വാശിയില്ല. വിഷയം നിലവിൽ ഉള്ളിടത്ത് നിൽക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുമായും ചർച്ച ചെയ്ത ശേഷമേ തുടർനിലപാട് എടുക്കൂ. സഭയിൽ നിയമം ചർച്ചയ്ക്ക് എത്തിയപ്പോൾ ലീഗ് എതിർത്തിട്ടില്ല. നിലവിൽ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.