ന്യൂഡൽഹി > മഹാത്മാ ഗാന്ധിക്കെതിരെ അപകീര്ത്തി പരാമര്ശം നടത്തിയ ആള്ദൈവം കാളിചരൺ മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില് വെച്ചാണ് കാളിചരണിനെ അറസ്റ്റ് ചെയ്തത്. രാവിലെ 4 മണിയോടെയായിരുന്നു അറസ്റ്റ്.
ഗാന്ധിജിക്കെതിരേയും മുസ്ലീം സമുദായത്തിനെതിരേയും വിവാദ പരാമര്ശങ്ങളാണ് കാളിചരണ് നടത്തിയത്. രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കാനാണ് മുസ്ലീം സമുദായത്തിലുള്ളവര് ശ്രമിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ സല്യൂട്ട് ചെയ്യുന്നു എന്നും കാളിചരണ് പറഞ്ഞിരുന്നു. രാഷ്ട്രപിതാവിനെതിരേ അപകീര്ത്തികരമായ പരാമര്ശങ്ങള് നടത്തിയെന്ന് കാണിച്ച് റായ്പുര് മുന് മേയര് പ്രമോദ് ദൂബെയാണ് കാളിചരണിനെതിരേ പരാതി നല്കിയത്.
വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്ത്തി പരാമര്ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. റായ്പുരില് രണ്ടു ദിവസത്തെ ധര്മ സന്സദ് ക്യാംപിലാണ് കാളിചരണ് മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീര്ത്തിക്കുകയും ചെയ്തു. സംഭവത്തില് മത സ്പര്ധ വളര്ത്താന് ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.