ന്യൂഡൽഹി > നാഗാലാൻഡിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ ആറ് മാസത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അഫ്സ്പ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാറും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചുവെങ്കിലും ഇത് മുഖവിലക്കെടുക്കാൻ കേന്ദ്രസർക്കാർ തയാറായില്ല.
നാനാഗാലാൻഡ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സൈന്യത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. ഡിസംബർ നാലിന് സൈന്യം 13 സിവിലിയൻമാരെ വെടിവെച്ച് കൊന്നതോടെയാണ് അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ 20ന് കരിനിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭ പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് പരിശോധിക്കാൻ വിവേക് ജോഷിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയേയും നിയോഗിച്ചിരുന്നു.