തിരുവനന്തപുരം
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തുരങ്കംവയ്ക്കാനുള്ള യുഡിഎഫ്, ബിജെപി ശ്രമങ്ങൾക്കിടയിലും സംസ്ഥാന വികസനത്തിൽ നാഴികക്കല്ലാകുന്ന സിൽവർലൈൻ അർധ അതിവേഗ പാതയുമായി കേരളം മുന്നോട്ടുതന്നെ. പദ്ധതിയ്ക്കായി ദക്ഷിണ റെയിൽവേ, -കെ–-റെയിൽ സംയുക്ത പരിശോധന തുടങ്ങി. അലൈൻമെന്റ് പ്രകാരം റെയിൽവേയിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയാണ് സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നത്.
വിശദപദ്ധതിരേഖ(ഡിപിആർ) അന്തിമമാക്കുന്നതിന്റെ ഭാഗമായാണിത്. സുരക്ഷാ പരിശോധനയും നടത്തുന്നുണ്ട്. റെയിൽവേയുടെ സംശയങ്ങൾക്കുള്ള മറുപടിയും കെ–-റെയിൽ നൽകി. പദ്ധതി അനുമതിക്കായി സമർപ്പിച്ചപ്പോൾ കേന്ദ്രം സംയുക്ത പരിശോധനാ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
60 കിലോമീറ്റർ പാത റെയിൽവേ ഭൂമിയിലാണ്. നിലവിലെ റെയിൽപ്പാതയിൽനിന്ന് ചുരുങ്ങിയത് 7.8 മീറ്റർ അകലത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. തിരൂർമുതൽ വടക്കോട്ട് റെയിൽപ്പാതയ്ക്ക് സമാന്തരമായാണ് പാതയെന്നതിനാൽ റെയിൽവേ ഭൂമി കൂടുതലും പാലക്കാട് ഡിവിഷനിലാണ്. കൊച്ചുവേളിക്കും മുരിക്കുംപുഴയ്ക്കുമിടയിലും കോട്ടയത്തും തൃശൂരുമാണ് തിരുവനന്തപുരം ഡിവിഷനിൽ ഭൂമി ഏറ്റെടുക്കുന്നത്.
മുംബൈ–-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നത് സിൽവർലൈനിലാണെന്ന് റെയിൽവേയും സമ്മതിച്ചിട്ടുണ്ട്. അനുമതി നൽകാതിരിക്കാൻ ഉന്നയിക്കാവുന്ന ഏക തടസ്സം റെയിൽവേയുടെ നിക്ഷേപം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്നതാണ്. പദ്ധതിച്ചെലവിന്റെ 3.3 ശതമാനമായ 2150 കോടി രൂപയാണ് റെയിൽവേ നിക്ഷേപം. റെയിൽവേ തടസ്സമുന്നയിച്ചാൽ സംസ്ഥാനം ഈ ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
അനാവശ്യ സമരം നടത്തിയും കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയും പദ്ധതി തകർക്കാൻ യുഡിഎഫ് –-ബിജെപി കക്ഷികൾ ഒറ്റക്കെട്ടായി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ എതിർപ്പുയർത്തിയവർ അങ്കലാപ്പിലായി. എന്നാൽ, അനുമതി വൈകുന്തോറും ചെലവ് വർധിക്കുമെന്നത് ആശങ്കയുണർത്തുന്നുണ്ട്.