അടൂർ
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ബഹുജന മുന്നേറ്റത്തിലൂടെ ജില്ലയുടെ സമഗ്രവികസനം സാധ്യമാക്കാനുള്ള തീരുമാനത്തോടെ സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു. പി കെ കുമാരൻ നഗറിൽ(മാർത്തോമ്മാ യൂത്ത് സെന്റർ ) മൂന്നു ദിവസത്തെ സമ്മേളനം പാർടിയുടെ ശക്തി വിളിച്ചോതുന്നതായി. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാൻ സമ്മേളനം ആഹ്വാനം ചെയ്തു. ജില്ലയുടെ വികസനത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കും.
സഹകരണ പ്രസ്ഥാനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കും. തൊഴിൽ ദായകമായ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയുടെ വികസനത്തിനും പ്രാമുഖ്യം നൽകും. പാലിയേറ്റീവ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. സിപിഐ എം നേതൃത്വം നൽകുന്ന 11 കേന്ദ്രങ്ങളാണ് നിലവിലുള്ളത്. അത് വിപുലമാക്കും. പ്രവാസികളുടെ ക്ഷേമ പദ്ധതികൾക്കും മുൻകൈയെടുക്കും.
പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.