തിരുവനന്തപുരം
സംസ്ഥാനത്ത് ഈ വർഷം വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായത് 1059 അതിഥിത്തൊഴിലാളികൾ. 589 കേസിലായാണിത്. 878 പേർ അറസ്റ്റിലായി. 164 പേർ കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസിലെ കിറ്റെക്സ് തൊഴിലാളികളാണ്. അഞ്ച് വർഷത്തിനിടെ 3158 കേസാണ് അതിഥിത്തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്തത്. 2017ൽ 590, 2018ൽ 704, 2019ൽ 867, 2020ൽ 408. മയക്കുമരുന്നടക്കം ഉപയോഗിച്ചതിന് ഒട്ടേറെ പേർ എൻഡിപിഎസ് കേസിലും പ്രതിയാണ്.
ഈ വർഷം രജിസ്റ്റർ ചെയ്തതിൽ 17 എണ്ണം കൊലക്കേസാണ്. 23 പ്രതികളിൽ 21 പേർ അറസ്റ്റിലായി. പത്ത് കൊലപാതകശ്രമ കേസിൽ 65 പ്രതികളുണ്ട്. എല്ലാവരും അറസ്റ്റിൽ. 116 സ്വത്ത് കേസിൽ 163 പ്രതികളുണ്ട്. 29 ബലാത്സംഗ കേസിലെ 40 പ്രതികളിൽ 37 പേർ അറസ്റ്റിലായി. കുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരം 31 കേസാണുള്ളത്. ഇതിലെ 32 പ്രതികളിൽ 30 പേരും പിടിയിലായി.
കൊലക്കയറിലേക്ക് 3 പേർ
കേരളത്തിലെ വിവിധ ജയിലുകളിൽ കൊലക്കയർ കാത്ത് കഴിയുന്ന 16 പേരിൽ മൂന്ന് പേർ ഇതര സംസ്ഥാനത്തുനിന്നുള്ളവർ. പൂജപ്പുര സെൻട്രൽ ജയിലിലുള്ള യുപി ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ, വിയ്യൂരുള്ള അസം സ്വദേശി അമീറുൽ ഇസ്ലാം, കണ്ണൂരുള്ള പരിമൾ സഹു എന്നിവരാണിവർ.
അമീറുൽ ഇസ്ലാം പെരുമ്പാവൂർ ജിഷ വധക്കേസിലാണ് ശിക്ഷിക്കപ്പെട്ടത്. നരേന്ദ്രകുമാറിനെ 2015ൽ മണ്ണാർക്കാട് ലാലപ്പൻ, പ്രസന്നകുമാരി, പ്രവീൺലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലും പരിമൾ സഹുവിനെ പരവൂർ പുത്തൻവേലിക്കരയിൽ വൃദ്ധയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലുമാണ് ശിക്ഷിച്ചത്. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു.