പറവൂർ
വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വിസ്മയയുടേതുതന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. സംഭവശേഷം അനിയത്തി ജിത്തു നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയതോടെയാണ് മരിച്ചത് വിസ്മയ (25–-ഷിഞ്ചു)യാണെന്ന് സ്ഥിരീകരിച്ചത്. ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കാണാതായ ജിത്തുവിനായി (22) തിരച്ചിൽ ഊർജിതമാക്കി.
ചൊവ്വ പകൽ മൂന്നോടെയാണ് പറവൂർ പെരുവാരം പനോരമ നഗറിൽ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും പെൺമക്കളിൽ ഒരാളെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതും ഒരാളെ കാണാതാവുകയും ചെയ്തത്. ഇവരുടെ വീട്ടിൽനിന്ന് നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി മാധവൻ റോഡിലൂടെ സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശിവാനന്ദന്റെ വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ട സമയത്താണ് ഈ ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്. ധരിച്ചിരിക്കുന്ന വസ്ത്രം ജിത്തുവിനുണ്ടെന്ന് മാതാപിതാക്കൾ മൊഴി നൽകി. വീടിന്റെ പിന്നിലൂടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പും തോടും കടന്നാൽ പനോരമ നഗറിലേക്കുള്ള പൊതുവഴിയിൽ എത്താം. ഇതുവഴി സി മാധവൻ റോഡിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് നിഗമനം.
ഫയർഫോഴ്സ് എത്തിയപ്പോൾ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ മാലയിലെ ലോക്കറ്റ് നോക്കി, മരിച്ചത് വിസ്മയയാണെന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. വിസ്മയയുടെ സംസ്കാരം തോന്ന്യകാവ് ശ്മശാനത്തിൽ നടത്തി.
സംശയം ബാക്കിയാക്കി
വീട്ടിൽ രക്തപ്പാടുകൾ
തീപിടിച്ചതുതന്നെയാണ് മരണകാരണ മെങ്കിലും വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ സഹോദരിമാർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. മാനസികപ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്ന ജിത്തുവിന്റെ കൈകൾ ചില സമയത്ത് കെട്ടിയിടാറുണ്ട്.
കുറച്ചുദിവസംമുമ്പ് ശിവാനന്ദനെ മുറിയിൽ പൂട്ടിയിട്ട് ജിത്തു പോയിരുന്നു. സംഭവദിവസം ശിവാനന്ദനും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നതിനാൽ ജിത്തുവിനെ കെട്ടിയിട്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിന് കെട്ട് അഴിച്ചപ്പോൾ സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. വിസ്മയയുടെ നഷ്ടപ്പെട്ട മൊബൈൽഫോൺ സ്വിച്ച് ഓഫാണ്. വൈപ്പിൻ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ജിത്തുവിനെ കിട്ടിയാലേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ. ആലുവ റൂറൽ എസ്പി കെ കാർത്തിക് സംഭവസ്ഥലം സന്ദർശിച്ചു.