കോതമംഗലം
വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് രണ്ടാംക്ലാസുകാരി ജുവൽ മറിയം ബേസിൽ. ജനുവരി എട്ടിന് രാവിലെ 7.30ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുകടവ് മാർക്കറ്റുവരെ നാലുകിലോമീറ്ററോളം ദൂരം നീന്തിക്കയറാനുള്ള അവസാനവട്ട പരിശീലനത്തിലാണ് ഏഴുവയസ്സുകാരി. വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടി എന്ന റെക്കോഡാണ് ലക്ഷ്യം. പിറവം സ്വദേശി അൽക്ക സിറിയക് 2001ൽ ഒമ്പതുവയസ്സിൽ വേമ്പനാട്ട് കായലിൽ നാലുകിലോമീറ്ററോളം നീന്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ റെക്കോഡ് തിരുത്താനാണ് ജുവൽ ഒരുങ്ങുന്നത്.
കോതമംഗലം എംഎ കോളേജിലെ അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽക്കുളത്തിലാണ് പരിശീലനം. നീന്തലിൽ ഒട്ടേറെ പുരസ്കാരം നേടിയിട്ടുണ്ട്. കോതമംഗലം മാർ അത്തനേഷ്യസ്
എൻജിനിയറിങ് കോളേജ് ഉദ്യോഗസ്ഥൻ കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ കെ വർഗീസിന്റെയും എംഎ ഇന്റർനാഷണൽ സ്കൂൾ അധ്യാപിക അഞ്ജലിയുടെയും രണ്ടാമത്തെ മകളാണ് ജുവൽ. കറുകടം വിദ്യാവികാസ് സ്കൂളിലാണ് പഠനം. അൽക്ക സിറിയക് ഉൾപ്പെടെ ഒട്ടേറെ നീന്തൽത്താരങ്ങളെ വാർത്തെടുത്ത ബിജു തങ്കപ്പനാണ് ജുവലിന്റെയും പരിശീലകൻ.
പരിശീലനപ്രദർശനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷനായി.