തിരുവനന്തപുരം
സിൽവർലൈൻ അർധ അതിവേഗ പാതയുടെ വിശദ പദ്ധതിരേഖ(ഡിപിആർ) പുറത്തുവിടുന്നില്ലെന്ന പ്രതിപക്ഷ വിമർശം ആശയക്കുഴപ്പമുണ്ടാക്കാൻ. പദ്ധതിയുടെ വിശദാംശങ്ങൾ ഇതിനകം കെ–-റെയിൽ പുറത്തുവിട്ടിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളാണ് പുറത്തുവരാനുള്ളത്. അന്തിമാനുമതി നൽകുമ്പോൾ റെയിൽവേ നിർദേശിക്കുന്ന മാറ്റം ഉൾപ്പെടുത്തിയാലേ ഡിപിആർ പൂർണമാകൂ. ഇതിനുശേഷമേ ഡിപിആർ പുറത്തുവിടേണ്ടതുള്ളൂ. കൊച്ചി മെട്രോ രണ്ടാംഘട്ടം പദ്ധതിരേഖയും പുറത്തുവിട്ടിട്ടില്ല.
വൈകിയാൽ ചെലവ് കൂടും
പദ്ധതി വൈകിയാൽ ചെലവ് കൂടും. പണപ്പെരുപ്പം അഞ്ച് ശതമാനമുണ്ടായാൽപ്പോലും ചെലവ് കാര്യമായി വർധിക്കും. പക്ഷേ, പദ്ധതിയുടെ നടപടിക്രമം അതിവേഗത്തിലാണെന്നതിനാൽ നഷ്ടം കുറയ്ക്കാനാകും. പ്രാഥമിക പരിസ്ഥിതി ആഘാതപഠനം, ഹൈഡ്രോളജിക്കൽ, ജിയോ ടെക്നിക്കൽ മണ്ണ് പരിശോധന തുടങ്ങിയവ പൂർത്തിയായി.
പരിസ്ഥിതി ആഘാതം കുറവ്
വയലും തണ്ണീർത്തടവും സംരക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പ്രദേശങ്ങളിൽ തൂണിലൂടെയാണ് പാത. കൃഷിക്ക് തടസ്സമില്ല. അപൂർവ സ്ഥലങ്ങളിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെ പരമാവധി എട്ട് മീറ്റർ മൺതിട്ട. നിലവിലുള്ള റെയിൽപ്പാതകളിൽ 22 മീറ്റർ ഉയരമുള്ള തിട്ടകളുണ്ട്.
സ്റ്റാൻഡേർഡ് ഗേജ് വാദം പൊള്ള
അന്താരാഷ്ട്ര നിലവാരമുള്ളതാണ് സ്റ്റാൻഡേർഡ് ഗേജ്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി അപൂർവം രാജ്യങ്ങളിൽ മാത്രമാണ് ബ്രോഡ്ഗേജുള്ളത്. മികച്ച ലോകോമോട്ടീവുകളും കോച്ചുകളും സ്റ്റാൻഡേർഡിലാണ്. കൊൽക്കത്ത ഒഴിച്ച് എല്ലാ മെട്രോയും സ്റ്റാൻഡേർഡ് ഗേജിലാണ്.