ആലപ്പുഴ
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആർഎസ്എസുകാരുമായും ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പിടിയിലായ എസ്ഡിപിഐ പ്രവർത്തകരുമായും പൊലീസ് തെളിവെടുപ്പ് നടത്തി.
രഞ്ജിത്ത് വധത്തിൽ നേരിട്ട് പങ്കാളികളായ രണ്ട് പേരുമായാണ് തെളിവെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരുടെ വിശദാംശം തിരിച്ചറിയിൽ പരേഡ് നടക്കേണ്ടതിനാൽ പുറത്തുവിട്ടിട്ടില്ല. മുഖംമൂടിയാണ് തെളിവെടുപ്പിനെത്തിച്ചത്. കൃത്യത്തിനുശേഷം ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടിരുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, വലിയ ചുടുകാട്, മാളികപ്പറമ്പ്, തിരുവമ്പാടി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. തിരുവമ്പാടിക്കടുത്ത് ഉപേക്ഷിച്ച സ്കൂട്ടർ കണ്ടെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അഞ്ച് ബൈക്കിലും ഒരു സ്കൂട്ടറിലുമായി 12 പേരാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകൾ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നെണ്ണം കൂടി കണ്ടെത്താനുണ്ട്. ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 10 പേർ കൂടി പിടിയിലാകാനുണ്ട്.
ഷാൻ വധക്കേസിൽ അറസ്റ്റിലായ 15 പേരിൽ എട്ടുപേരെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരിൽ സാനന്ദ്, അഭിമന്യു, ധനേഷ്, വിഷ്ണു എന്നിവരുമായാണ് ഡിവൈഎസ്പി കെ വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലേക്ക് പോയത്. വാടാനപ്പള്ളിയിൽ ഇവർ ഒളിവിൽ കഴിഞ്ഞ വീട്ടിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്.