കൊച്ചി
പൊലീസിനെ ആക്രമിച്ച കേസിൽ കിറ്റെക്സിലെ അതിഥിത്തൊഴിലാളികളെ സ്റ്റേഷനിൽ ഹാജരാക്കി സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ മാനേജ്മെന്റിന്റെ ശ്രമം. അഞ്ഞൂറോളംപേർ അഴിഞ്ഞാടിയ സംഭവത്തിൽ 24 അതിഥിത്തൊഴിലാളികളെയാണ് ഇതുവരെ കിറ്റെക്സ് മാനേജ്മെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. അഞ്ചുമണിക്കൂറോളം തൊഴിലാളികൾ കുഴപ്പമുണ്ടാക്കിയിട്ടും തടയാൻ ഇടപെടാതിരുന്ന മാനേജ്മെന്റ്, പൊലീസുമായി സഹകരിക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാനും കേസ് അട്ടിമറിച്ച് തടിയൂരാനുമുള്ള ശ്രമത്തിലാണ്.
കിറ്റെക്സിലെ എച്ച്ആർ വിഭാഗം ജീവനക്കാരൻ വിളിച്ചറിയിച്ചിട്ടാണ് പൊലീസ് സംഘർഷസ്ഥലത്ത് എത്തിയത്. അവിടെയെത്തിയ പൊലീസ്, വിവരമറിയിച്ച ആളെ തിരിച്ചുവിളിച്ചിട്ടും ബന്ധപ്പെടാനായില്ല. തൊഴിലാളികൾ മണിക്കൂറുകളോളം അഴിഞ്ഞാടിയിട്ടും കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാരും അവിടേക്ക് എത്തിയില്ല. സ്ഥലത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായോ സ്റ്റേഷനുകളുമായോ ബന്ധപ്പെട്ടുമില്ല. എന്നാൽ, പിറ്റേന്ന് പൊലീസ് കേസ് നടപടികൾ ആരംഭിച്ചതോടെ പ്രതികളെ ചൂണ്ടിക്കാട്ടി കമ്പനി എംഡി സാബു ജേക്കബും മാനേജ്മെന്റും രംഗത്തുവന്നു.
കമ്പനിപരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തങ്ങൾ തരുന്ന പ്രതികളെമാത്രം കസ്റ്റഡിയിലെടുത്താൽ മതിയെന്നാണ് എംഡിയുടെ ആവശ്യം. ആകെ 24 പ്രതികളാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതുപ്രകാരം കഴിഞ്ഞദിവസം പത്തും ബുധനാഴ്ച പതിനാലും അതിഥിത്തൊഴിലാളികളെ സാബുവിന്റെ നിർദേശപ്രകാരം കമ്പനി ഉദ്യോഗസ്ഥർ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. സംഭവത്തിന് താൻ ഉത്തരവാദിയല്ലെന്നും കേസുമായി പൂർണമായി സഹകരിച്ചെന്നും വരുത്തിത്തീർക്കലാണ് ലക്ഷ്യം. എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കമ്പനിയുടെ വാദം പൊളിക്കുന്ന തെളിവായി മാറി.
നൂറുകണക്കിന് തൊഴിലാളികൾ ആക്രമണത്തെ പിന്തുണച്ച് ഒപ്പംചേരുന്നത് ദൃശ്യങ്ങളിൽ കാണാം. തുടക്കത്തിൽ കുറച്ച് തൊഴിലാളികളാണ് രംഗത്തുള്ളത്. കൂടുതൽ പൊലീസ് എത്തുന്നതോടെ എണ്ണം പതിന്മടങ്ങാകുന്നു. നാട്ടുകാർക്കും പൊലീസിനുമെതിരെ കയർക്കുന്നത് കുറച്ചുപേർമാത്രമാണെങ്കിലും ഒരാൾപോലും അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല. അക്രമികൾ മദ്യ–-മയക്കുമരുന്ന് ലഹരിയിലാണെന്ന് എംഡി സമ്മതിച്ചിരുന്നു. എന്നാൽ, കടുത്ത പ്രവേശന നിയന്ത്രണമുള്ള കമ്പനിവളപ്പിൽ മദ്യവും മയക്കുമരുന്നും എങ്ങനെ എത്തിയെന്നതിന് ഉത്തരമില്ല.
പൊലീസ് കസ്റ്റഡിയിലുള്ള ഉത്തരേന്ത്യൻ തൊഴിലാളികളുടെ ഭാഷ പലതായതിനാൽ പട്ടാളസേവനം കഴിഞ്ഞ ഹോംഗാർഡുകളുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യൽ. വീഡിയോ ദൃശ്യങ്ങൾകൂടി പരിശോധിച്ച് ഓരോരുത്തരുടെയും പങ്കാളിത്തം രേഖപ്പെടുത്തുന്നു. ആക്രമണത്തിന് ഇരയായ പൊലീസുകാരെ പങ്കെടുപ്പിച്ച് തിരിച്ചറിയൽ പരേഡും നടത്തിയശേഷമാകും യഥാർഥ പ്രതികളെ കണ്ടെത്തുക.
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വധശ്രമക്കേസിൽ അമ്പത്തൊന്നും പൊതുമുതൽ നശിപ്പിച്ച കേസിൽ നൂറ്റിപ്പതിമൂന്നും അതിഥിത്തൊഴിലാളികൾ പ്രതികളാണ്.
ക്രിസ്മസ്രാത്രി കമ്പനിവളപ്പിലും പൊതുനിരത്തിലും അതിഥിത്തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ സിഐ, എസ്ഐ, എഎസ്ഐ എന്നിവർ ഉൾപ്പെടെ ഒമ്പത് പൊലീസുകാർക്കാണ് പരിക്കേറ്റത്.