തിരുവനന്തപുരം
ശിവഗിരി തീർഥാടനത്തിന് വ്യാഴാഴ്ച തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസമായി നടക്കുന്ന തീർഥാടനത്തിൽ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ വിഷയങ്ങളിൽ 13 സമ്മേളനം നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച ബ്രഹ്മവിദ്യാലയ കനക ജൂബിലിയോട് അനുബന്ധിച്ച് പ്രത്യേക സമ്മേളനവും നടക്കും.
രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. പകൽ 12.30ന് ആരോഗ്യ സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. മൂന്നിന് കാർഷിക തൊഴിൽമേഖലയിലെ പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണിയും വൈകിട്ട് അഞ്ചിന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും.
വെള്ളി പുലർച്ചെ അഞ്ചിന് തീർഥാടക ഘോഷയാത്ര ആരംഭിക്കും. പകൽ 9.30ന് തീർഥാടക സമ്മേളനം കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. 12.30ന് സാഹിത്യ സമ്മേളനം മന്ത്രി സജി ചെറിയാനും പകൽ മൂന്നിന് ശാസ്ത്ര സാങ്കേതിക സമ്മേളനം കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടനം ചെയ്യും. ശനി രാവിലെ ശ്രീനാരായണ പ്രസ്ഥാന സംഗമവും വൈകിട്ട് സമാപന സമ്മേളനവും.