ആലപ്പുഴ
‘ജീനിയെസ് ഉള്ളവരെ നിരാകരിക്കുകയും അതില്ലാത്തവരെ പൊക്കിക്കൊണ്ട് നടക്കുകയും ചെയ്യുന്നവരാണ് നമ്മൾ’ നിരൂപകൻ പ്രൊഫ. എം കൃഷ്ണൻനായർ ഒരിക്കൽ സാഹിത്യവാരഫലത്തിൽ കുറിച്ചു. പാറപ്പുറത്ത് വിടപറഞ്ഞ് നാലുപതിറ്റാണ്ട് തികയുമ്പോൾ കൃഷ്ണൻനായരുടെ വാക്കുകൾ അന്വർഥമായിത്തന്നെയുണ്ട്.
പ്രതിഭയായിട്ടും മലയാളി വിസ്മരിച്ച അദ്ദേഹത്തെ പ്രമുഖ ഗ്രന്ഥപ്രസാധകരും അവഗണിച്ചു. 20 നോവൽ, 14 കഥാസമാഹാരം, 14 തിരക്കഥ, രണ്ട് തവണ കേരള സാഹിത്യഅക്കാദമി അവാർഡ്, സംസ്ഥാന ചലച്ചിത്ര അവാർഡ്, സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡ് എന്നിങ്ങനെ നേട്ടങ്ങൾ നിരവധി. ‘അരനാഴികനേരം’ മഹത്വത്തിന്റെ അംശമുള്ള നോവലെന്നും ‘അനുജത്തി’ മലയാളത്തിലെ 10 മികച്ച കഥകളിൽ ഒന്നാണെന്നുമായിരുന്നു കൃഷ്ണൻ നായർ വിശേഷിപ്പിച്ചത്.
മാവേലിക്കര കിഴക്കേ പൈനുംമൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായി 1924 നവംബർ 14-ന് മാവേലിക്കര കുന്നം ഗ്രാമത്തിലാണ് കെ ഈശോ മത്തായി എന്ന പാറപ്പുറത്തിന്റെ ജനനം. കുന്നം സിഎംഎസ് എൽപി സ്കൂൾ, ഗവ. മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. കോവിലനും നന്തനാർക്കുമൊപ്പം പട്ടാളക്കഥകളുടെ ത്രിമൂർത്തികളിലൊരാൾ എന്ന വിശേഷണമുണ്ട് അദേഹത്തിന്. 1944-ൽ 19–-ാം വയസിൽ പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായി പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിലെ കലാപരിപാടിക്കായി നാടകം രചിച്ചായിരുന്നു സാഹിത്യത്തിലേക്കുള്ള ലോങ്മാർച്ച്. 1965ൽ വിരമിച്ചശേഷം സാഹിത്യസപര്യയിൽ വ്യാപരിച്ചു.
1966ൽ പാറപ്പുറത്തിന്റെ ‘നാലാൾ നാലുവഴി’ ചെറുകഥയ്ക്കും 1971ൽ ‘അരനാഴികനേരം’ നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അരനാഴികനേരം, ആകാശത്തിലെ പറവകൾ, പണിതീരാത്ത വീട്, നിണമണിഞ്ഞ കാൽപ്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല നോവലുകൾ വെള്ളിത്തിരയിലെത്തി. ഇരുപതോളം സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി.
1948 ൽ ‘പുത്രിയുടെ വ്യാപാരം’ കഥയാണ് ആദ്യമായി പ്രകാശിതമായത്. 972ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ‘പണി തീരാത്ത വീട്’നേടി. 1981 ഡിസംബർ 30 നാണ് അന്തരിച്ചത്.
അരനാഴികനേരത്തിന് കെ എസ് സേതുമാധവൻ ചലച്ചിത്രഭാഷ്യം നൽകിയപ്പോൾ ശ്രദ്ദേയ സിനിമകളിൽ ഒന്നായി. കുഞ്ഞോനാച്ചൻ എന്ന നായകനെ കൊട്ടാരക്കര അനശ്വരമാക്കിയ സിനിമയിൽ ചാക്കോ എന്ന കഥാപാത്രം പാറപ്പുറമായിരുന്നു.
‘കാണാപ്പൊന്ന്’ നോവൽ 14 അധ്യായം ദീപിക ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോഴായിരുന്നു അന്ത്യം. സുഹൃത്ത് കെ സുരേന്ദ്രനാണ് നോവൽ പൂർത്തീകരിച്ചത്. രണ്ടുപേർചേർന്ന് പ്രസിദ്ധീകരിച്ച നോവൽ എന്ന പദവിയും കാണാപ്പൊന്നിനുലഭിച്ചു.