അടൂർ
കേരളത്തെ കലാപഭൂമിയാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദ ശക്തികൾക്ക് കരുത്ത് പകരുകയാണ് ഇരുകൂട്ടരും. മുസ്ലിം ലീഗിനും ഇതേ സമീപനമാണ്. അതാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടത്. ജനങ്ങളെ വർഗീയമായി വേർതിരിച്ച് കലാപം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടും. കലാപത്തിന് ശ്രമിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി കൈക്കൊള്ളും. സംസ്ഥാന സർക്കാരിനെതിരെ എന്തിന്റെയെല്ലാം പേരിൽ പ്രശ്നങ്ങളുണ്ടാക്കാം എന്നാണ് ഇവർ നോക്കുന്നത്. അതിന്റെ ഭാഗമാണ് കെ റെയിലിന് എതിരായ സമരം. യുഡിഎഫ് ഭരണകാലത്ത് ഇതിലും കൂടുതൽ തുക വരുന്ന പദ്ധതിയാണ് നടപ്പാക്കാൻ തീരുമാനിച്ചത്. അന്ന് എതിർക്കാത്തവർ ഇന്ന് എതിർക്കുന്നത് രാഷ്ട്രീയമാണ്. ഇത്തരം വിധ്വംസക ശക്തികളെ ഒറ്റപ്പെടുത്തണം.പദ്ധതിയെ കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക സർക്കാർ അകറ്റും. സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചാരണം നടത്താനാണ് ശ്രമം. ഇതിനെതിരെ സിപിഐ എം ശക്തമായ പ്രചാരണം നടത്തും. കേരളത്തിനാവശ്യമായ വികസനപദ്ധതികൾ പിണറായി സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അധ്യക്ഷനായി.