കോലഞ്ചേരി
സാബു ജേക്കബിന്റെ കിറ്റെക്സിൽ ജോലിചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ എണ്ണത്തിലും കണക്കിലും ഗുരുതര പൊരുത്തക്കേട്. കഴിഞ്ഞ ജൂലൈയിൽ തൊഴിൽവകുപ്പിന് സമർപ്പിച്ച കണക്കുപ്രകാരം കമ്പനിയിൽ 1700 അതിഥിത്തൊഴിലാളികളുണ്ട്. എന്നാൽ ബുധനാഴ്ച നൽകിയ കണക്കിൽ 500 പേർ മാത്രം. കമ്പനിവളപ്പിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിനെത്തിയ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ കണക്കിലാണ് പൊരുത്തക്കേട്.
ലേബർ ക്യാമ്പുകളിലായിരുന്നു അന്വേഷണം. ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങളിൽ തൊഴിൽപ്രശ്നങ്ങളുണ്ടോ എന്നാണ് പരിശോധിച്ചത്. അന്വേഷണ വിവരങ്ങളടങ്ങിയ റിപ്പോർട്ട് മന്ത്രിക്ക് കൈമാറുമെന്ന് ലേബർ കമീഷണർ എസ് ചിത്ര പറഞ്ഞു. തൊഴിലാളികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച കമീഷണർ ഇവരെ പാർപ്പിച്ചിരുന്ന മുറികളിലെ ജീവിതസാഹചര്യവും വിലയിരുത്തി. ഫാക്ടറിയുടെ മുകൾനിലയിലുള്ള വനിതാ ഹോസ്റ്റലും പരിശോധിച്ചു. പൊലീസും കിറ്റെക്സ് ഓഫീസിലെത്തി ജീവനക്കാരിൽനിന്ന് മൊഴിയെടുത്തു. ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. വാഹനം കത്തിച്ചതിന്റെ ഫോറൻസിക് പരിശോധനാഫലം വൈകാതെ ലഭിക്കും. അക്രമവുമായി ബന്ധപ്പെട്ട് 174 പേരാണ് ഇതുവരെ അറസ്റ്റിലായത്. നാല് പ്രധാന പ്രതികളെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും.
ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത 10 പ്രതികളെ കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കസ്റ്റഡിയിലെടുക്കും.