കൊച്ചി > നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്കി. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നീക്കം.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമാണുള്ളതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചു. പള്‍സര്‍ സുനിയുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് കാവ്യാ മാധവന് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ബാലചന്ദ്രകുമാര്‍ ‘റിപ്പോര്‍ട്ടര്‍ ടിവി’ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.