ചിറ്റാര് > ജനവാസകേന്ദ്രത്തില് ഇറങ്ങിയ പുലിയെ വനപാലകര് കെണി വെച്ചുപിടിച്ചു. ആങ്ങമൂഴി മുരിക്കിനിയിൽ സുരേഷിന്റെ വീട്ടിലെ ആട്ടിൻകൂട്ടിൽ കയറിയ പുലിയെയാണ് വനംവകുപ്പ് പിടികൂടിയത്. മുന് കാലിന് പരിക്കേറ്റ നിലയിലാരുന്നു.
ബുധനാഴ്ച രാവിലെ 9 ഓടെയാണ് സംഭവം. വീട്ടുമുറ്റത്തെ ആട്ടില്കൂട്ടില് പുലി നില്ക്കുന്നത് വീട്ടുകാര് കണ്ടതോടെ ഉടൻ തന്നെ പോലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. വനപാലകരും ആർആർപി സംഘവുമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. പരിക്കേറ്റ് അവശനിലയിലായതില് പുലി ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചില്ല.
റാന്നി ആർആർപി ഓഫീസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടർ എത്തി പരിശോധനയ്ക്ക് വിധേയമാക്കി. 10 മാസം പ്രായമുള്ള അവശനിലയിലായ പുലിയെ കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. രോഗം ദേഭമായ ശേഷമേ പുലിയെ വനത്തിലേക്ക് തുറന്നുവിടുവെന്ന് ഗൂഡ്രിക്കൽ റെയ്ഞ്ച് ആഫീസർ എസ് മണി പറഞ്ഞു.