മലപ്പുറം > താൻ കുട്ടിയായിരിക്കുമ്പോൾ മരിച്ച അച്ഛനും വഖഫ് പിഎസ്സി നിയമനവും തമ്മിൽ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് നടത്തിയ വഖഫ് റാലിയിൽ വിളിച്ച മുദ്രാവാക്യം എന്താണെന്നും എന്താണതിന്റെ അർഥമെന്നും അദ്ദേഹം ചോദിച്ചു. ചെത്തുകാരന്റെ മകനാണെന്ന് എത്രയോ തവണ പറഞ്ഞതാണ്. അങ്ങനെ പറഞ്ഞാൽ തനിക്ക് ക്ഷീണമാകുമെന്നാണോ ലീഗ് ധരിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാൻ രാഹുൽ ഗാന്ധിക്ക് നാണമില്ലേ?.. ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് ധാരണയില്ലാതെയാണോ ഒരു നേതാവ് പ്രസംഗിക്കേണ്ടത്. ഞാൻ ഹിന്ദുവാണ് എന്ന് ഒരു നേതാവ് പറയുന്നത് ശരിയാണോ. കോൺഗ്രസ് വർഗീയതയോട് സമരസപ്പെട്ടു. നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിക്കാരായിട്ടും കോൺഗ്രസ് പാഠം പഠിച്ചില്ല. ഇതിന്റെ ഭാഗമായാണ് രാഹുൽഗാന്ധി ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറഞ്ഞത്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാർട്ടിയായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് സ്വകാര്യവൽക്കരണവും നിയമന നിരോധനവുമടക്കം ഇപ്പോൾ ബിജെപി നടപ്പിലാക്കുന്ന നയങ്ങൾ ആദ്യം നടപ്പിലാക്കിയത് കോൺഗ്രസാണ്. ആ നയങ്ങളിൽ തന്നെയാണ് ഇപ്പോഴും കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.