തിരൂർ (മലപ്പുറം) > മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ മുസ്ലിംലീഗ് പുച്ഛിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ അപമാനിക്കുകയും അപഹസിക്കുകയുമാണ്. സമൂഹം ആദരിക്കുന്ന മഹത്തുക്കളെ വലിയതോതിൽ ഇകഴ്ത്തിക്കാണിക്കുന്നു. ഇത് ലീഗിനെ എവിടെയെത്തിക്കുമെന്ന് നേതൃത്വം തിരിച്ചറിയണം. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുകയാണ്. എസ്ഡിപിഐയുടെ തീവ്രനിലപാട് അവർ ഏറ്റെടുക്കുന്നു. രാഷ്ട്രീയ പാർടിയ്ക്ക് ചേർന്ന നിലപാടാണ് ലീഗ് സ്വീകരിക്കേണ്ടത്. അത് മതനിരപേക്ഷമാകണം. തെറ്റായ രീതിയിൽ ജനങ്ങളെ അണിനിരത്താനല്ല നോക്കേണ്ടത്. പണ്ടുകാലത്ത് തെറ്റായ കാര്യങ്ങൾ പറഞ്ഞ് ലീഗ് അണികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ആ കാലം മാറിയെന്ന് തിരിച്ചറിയണം. നുണയ്ക്ക് അധികം ആയുസ്സില്ല.
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട ബിൽ നിയമസഭയിൽ ചർച്ചയ്ക്കുവന്നപ്പോൾ ലീഗ് നേതാവ് എതിർത്തിട്ടില്ല. നിലവിൽ ജോലിചെയ്യുന്നവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പിഎസ്സി നിയമനമാകട്ടെ എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ചെയ്തത്. വഖഫ് വിഷയത്തിൽ സർക്കാരിന് പ്രത്യേക വാശിയില്ല. പിഎസ്സി നിയമനം ആരംഭിച്ചിട്ടില്ല. നിലവിൽ ഉള്ളിടത്ത് നിൽക്കട്ടെ എന്നതാണ് സർക്കാർ നിലപാട്. ധൃതിപ്പെട്ട് നടപ്പാക്കില്ല. എല്ലാവരുമായി ചർച്ചചെയ്തുമാത്രമേ തുടർ തീരുമാനമെടുക്കൂ.
സംഘപരിവാർ ഉയർത്തുന്ന വർഗീയതയ്ക്ക് ബദലായി ചില ന്യൂനപക്ഷ സംഘടനകൾ തീവ്രനിലപാട് സ്വീകരിക്കുകയാണ്. അത് നാടിന് ഗുണംചെയ്യില്ല. വർഗീയ കലാപമുണ്ടാക്കി സ്വന്തം ശക്തി വർധിപ്പിക്കാമെന്നാണ് രണ്ടുകൂട്ടരും കരുതുന്നത്. വർഗീയശക്തികളോട് വിട്ടുവീഴ്ചചെയ്യാത്ത സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.