കൽപ്പറ്റ > സമസ്ത (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച മുസ്ലിംലീഗ് വയനാട് ജില്ലാ സെക്രട്ടറിയെ നീക്കി. സമസ്തയുടെ കടുത്ത സമ്മർദത്തിനൊടുവിലാണ് ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെതിരെ ബുധനാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. ജിഫ്രി തങ്ങൾക്കുനേരെ വധഭീഷണിയുണ്ടായ വാർത്തയുടെ താഴെയാണ് യഹ്യാഖാൻ അധിക്ഷേപം ചൊരിഞ്ഞത്. ‘വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ചില ചെപ്പടിവിദ്യകൾ നാണക്കേട്’ -എന്നായിരുന്നു അധിക്ഷേപം.
സിറാജ് വാർത്തയുടെ ഫേസ്ബുക്ക് ലിങ്കിലാണ് അണികളുടെ കൂട്ട അധിക്ഷേപങ്ങൾക്കൊപ്പം ജില്ലാ നേതാവും ചേർന്നത്. ഇതിൽ നടപടിയാവശ്യപ്പെട്ട് സമസ്തയുടെ യുവജന – വിദ്യാർഥി വിഭാഗവും മുതിർന്ന നേതാക്കളും രംഗത്തുവന്നെങ്കിലും ലീഗ് ജില്ലാ നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചു. ഹരിത വിഷയത്തിൽ പുറത്താക്കപ്പെട്ട എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജൽ യഹ്യാഖാനെ പുറത്താക്കിയില്ലെങ്കിൽ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു.
എസ്കെഎസ്എസ്എഫും എസ്വൈഎസും പ്രകടനമുൾപ്പെടെ നടത്തുമെന്ന് ഭീഷണി മുഴക്കി. എസ്കെഎസ്എസ്എഫ് പ്രതിഷേധക്കുറിപ്പുമിറക്കി. തന്റെ വലംകൈയായ യഹ്യാഖാനെതിരെ നടപടി വേണ്ടെന്ന് കെ എം ഷാജിയും ജില്ലാ പ്രസിഡന്റും അവസാനംവരെ യോഗത്തിൽ വാദിച്ചെങ്കിലും മറുവിഭാഗം ഇതിനെ ശക്തമായി എതിർത്തു. നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്നും ബാക്കി കാര്യങ്ങൾ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എസ്വൈഎസ് ജില്ലാ ജനറൽ സെക്രട്ടറി നാസർ മൗലവി പറഞ്ഞു.