തിരൂർ (മലപ്പുറം) > വികസന പദ്ധതികൾക്ക് സ്ഥലം വിട്ടുനൽകേണ്ടിവരുന്നവർ ഒരുതരത്തിലും ദുഃഖിക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എല്ലാവരുടെയുംകൂടെ ഇടതുപക്ഷ സർക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരൂരിൽ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ ഭാവിക്ക് ആവശ്യമായ വികസന പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ചുമതല. അതുകൊണ്ടാണ് ദേശീയപാതാ വികസനം യാഥാർഥ്യമാകുന്നത്. ദേശീയപാതാ വികസനത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉയർന്ന ജില്ലയായിരുന്നു മലപ്പുറം. 203 ഹെക്ടർ ഭൂമിയാണ് വേണ്ടത്. അതിൽ 200 ഹെക്ടറും ഏറ്റെടുത്തു കൈമാറി. നിയമ തടസ്സങ്ങൾ കാരണമാണ് ബാക്കി സ്ഥലം ഏറ്റെടുക്കാനാവാത്തത്. നഷ്ടപരിഹാരമായി സർക്കാർ 2772 കോടി രൂപ നൽകി. അതിൽ എല്ലാവരും സംതൃപ്തരാണ്. ആരെയും ബുദ്ധിമുട്ടിക്കണം എന്ന നിലപാട് സർക്കാരിനില്ല. വികസനം മുടക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ നാട് ഒറ്റക്കെട്ടായിനിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.