താനൂർ > ലക്ഷങ്ങളുടെ മയക്കുമരുന്നുമായി താനൂർ സ്വദേശി പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിൽ. താനൂർ ഒട്ടുപുറം സ്വദേശി കോയാമാന്റെ പുരക്കൽ ഇസ്മായിൽ (29)ആണ് അറസ്റ്റിലായത്. താനൂർ നഗരസഭ ഒന്നാം വാർഡ് കൗൺസിലറും യൂത്ത് ലീഗ് മുനിസിപ്പൽ നേതാവുമായ നിസാം ഒട്ടുംപുറത്തിന്റെ സഹോദരനാണ് ഇയാൾ.
പുതുവത്സര ആഘോഷങ്ങൾ കൊഴുപ്പിക്കാൻ വലിയതോതിൽ മാരക മയക്കുമരുന്നുകളുടെ വിൽപന നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇസ്മായിൽ അറസ്റ്റിലായത്. പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിന് സമീപം 20.460ഗ്രാം എംഡിഎംഎ, 77 മില്ലി ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് ഇയാളെ പിടികൂടിയത്. പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമരുന്നുകൾ ലഭിച്ച ഉറവിടത്തെ കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു. പ്രിവന്റീവ് ഓഫീസർ ടി പ്രജോഷ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിതിൻ ചോമാരി, ശിഹാബുദ്ധീൻ കെ,അരുൺ പാറോൽ, വനിത സിവിൽ എക്സ്പ്ലൈസ് ഓഫീസർ പി എം ലിഷ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.















