നാദാപുരം > തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ മുസ്ലിംലീഗ് ശക്തികേന്ദ്രമായ തേർകുന്നുമ്മലിൽനിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയിനറുകൾ പിടികൂടി. മുടവന്തേരി മലയന്റവിട മൂസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽനിന്നാണ് നാദാപുരം പൊലീസ് സ്റ്റീൽ കണ്ടെയിനറുകൾ കസ്റ്റഡിയിലെടുത്തത്. ബുധൻ പകൽ ഒന്നരയോടെയാണ് സംഭവം.
വില്ലേജ് റവന്യു ഭൂസർവേയുടെ ഭാഗമായി പറമ്പിലെ കാടുവെട്ടുന്നതിനിടയിലാണ് സ്റ്റീൽ കണ്ടെയിനറുകൾ തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. പാറക്കല്ലുകൾക്ക് ഇടയിലായി പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെയിനറുകൾ.
ഒരു പ്ലാസ്റ്റിക് കവറിൽ ആറ് കണ്ടെയിനറുകളാണ് ഉണ്ടായിരുന്നത്. ഒരു കവർ പൊട്ടിച്ച നിലയിലാണ്. ഇതിൽ മൂന്നെണ്ണം മാത്രമാണുള്ളത്. ബാക്കിയുള്ളവ ബോംബ് നിർമിക്കാൻ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. നാദാപുരം സിഐ ഇ വി ഫായിസ് അലി, എസ്ഐ ആർ എൻ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം തൂണേരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.