കൊച്ചി > നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി. കേസിലെ പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്തബന്ധം ഉണ്ടായിരുന്നെന്നും ഇക്കാര്യം പുറത്തുപറയരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ഉൾപ്പെടെ ഗുരുതര വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ നീതിനിർവഹണസംവിധാനം അർഹമായ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ നടപടിയെടുക്കണം. പ്രതിയായ നടൻ കേസ് ഇല്ലാതാക്കാൻ കൈക്കൂലി നൽകിയെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. വെളിപ്പെടുത്തലുകൾക്കുശേഷം അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആവശ്യമായ സുരക്ഷ നൽകണം. മുഖ്യധാര മാധ്യമങ്ങൾ വെളിപ്പെടുത്തലുകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.
നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘർഷങ്ങളും ഒരുഭാഗത്ത് അനുഭവിക്കുമ്പോൾത്തന്നെ, ഇത്തരം സന്ദർഭങ്ങളിൽ ചോദ്യങ്ങൾ ചോദിക്കേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യുസിസി പ്രസ്താവനയിൽ പറഞ്ഞു. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമ പേജിലായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.