അടൂര് > സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനുവിനെ ഐകകണ്ഠേന തെരഞ്ഞെടുത്തു. അടൂരില് ചേര്ന്ന സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെയയും തെരഞ്ഞെടുത്തു. തുടര്ച്ചയായി മൂന്നാം തവണയാണ് ഉദയഭാനു (64) സെക്രട്ടറിയാകുന്നത്.
അടൂര് ഏനാദിമംഗലം കുറുമ്പുകര പുത്തന്വിളയില് പരേതരായ പരമേശ്വരന് ലക്ഷ്മി ദമ്പതികളുടെ മകനായ ഉദയഭാനു 1975ല് കര്ഷകതൊഴിലാളി യൂണിയന് ഏനാദിമംഗലം വില്ലേജ് സെക്രട്ടറിയായാണ് പൊതുപ്രവര്ത്തനം ആരംഭിക്കുന്നത്. ശൂരനാട് രക്തസാക്ഷി ദിനാചരണത്തില് സൈക്കിള് റാലിയില്പങ്കെടുത്തതിന് അടിയന്തരാവസ്ഥകാലത്ത് പൊലീസ് അറസ്റ്റ് ചെയ്ത് 3 മാസം ജയിലില് അടച്ചു. ഭീകരമര്ദനത്തിന് ഇരയാക്കി. 1978ല് കൊടുമണ്ണില് നടന്ന മിച്ചഭൂമി സമരത്തില് പങ്കെടുത്തതിനും ജയില്വാസം അനുഭവിച്ചിട്ടുണ്ട്. 1979ല് 25-ാം വയസില് വീട് ഉള്പ്പെടുന്ന വാര്ഡില് മല്സരിച്ച് ജയിച്ചു. രണ്ടു തവണ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
1983-ല് പാര്ടി അടൂര് ഏരിയാ കമ്മിറ്റി അംഗമായ ഉദയഭാനു 1997ല് ജില്ലാകമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2000ല് പാര്ടി അടൂര് ഏരിയാ സെക്രട്ടറിയായി ഒരു വര്ഷം പ്രവര്ത്തിച്ചു. 2002ല് ജില്ലാ സെക്രട്ടറിയറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2008ല് കെഎസ്കെടിയു ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റിയംഗമായും പിന്നീട് അഖിലേന്ത്യ കമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു. അറുപത്തിമൂന്ന് വയസുകാരനായ ഉദയഭാനു അവിവാഹിതനാണ്. ആറ് സഹോദരിമാരുണ്ട്.