കൊച്ചി: കിഴക്കമ്പലത്തെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കിറ്റക്സിന്റെ തൊഴിലാളി ക്യാമ്പുകളിൽ ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന. വനിതാജീവനക്കാരുടെ ഹോസ്റ്റലിലും പരിശോധന നടത്തി. അതേസമയം അക്രമത്തിൽ പങ്കെടുത്ത കൂടുതൽ പ്രതികളുടെ അറസ്റ്റ് ബുധനാഴ്ചയുണ്ടാകുമെന്നാണ് സൂചന.
രാവിലെ ഒൻപതര മുതലാണ് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ഏകദേശം മൂന്നരമണിക്കൂർ പരിശോധന നീണ്ടുനിന്നു. തൊഴിലാളികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായി ലേബർ കമ്മിഷണർ എസ്. ചിത്ര മാധ്യമങ്ങളോടു പ്രതികരിച്ചു.
വനിതാ ഹോസ്റ്റലിലും പുരുഷന്മാർ താമസിക്കുന്ന, സംഘർഷമുണ്ടായ ക്യാമ്പുകളിലും നേരിട്ടെത്തിയാണ് മൊഴി ശേഖരിച്ചത്. വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും ലേബർ കമ്മിഷണർ വ്യക്തമാക്കി. തൊഴിൽ സാഹചര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചിരുന്നു.
കിറ്റക്സ് സംഘർഷവുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുകൾ ബുധനാഴ്ചയുണ്ടാകുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. പെരുമ്പാവൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം, സംഘർഷമുണ്ടായ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
content highlights: labour commissioner inspects kitex labour camp, more arrests likely today