കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽമത്സരിക്കുന്നതിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്ന് അന്തരിച്ചപി.ടി തോമസ് എംഎൽഎയുടെ ഭാര്യ ഉമ. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല. നിലപാട് സ്വീകരിച്ചതിന്റെ പേരിലുണ്ടായിരുന്ന പ്രതിഷേധങ്ങൾ പി.ടിയെ വളരെ ഏറെ വേദനിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിനപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നുവെന്നും പി.ടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നിലനിർത്തുമെന്നും ഉമ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പി.ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഇടുക്കി. അവിടെ ഉണ്ടായിരുന്ന പ്രതിഷേധങ്ങൾ പി.ടിയെ വളരെ ഏറെ വിഷമിപ്പിച്ചിരുന്നു. സഭയിൽ തന്നെ നാലോ അഞ്ചോ അച്ചന്മാർ പറഞ്ഞ കാര്യം, എന്നാൽ അതിലേറെ ആളുകൾ പിടിയോട് ഒപ്പമുണ്ടായിരുന്നു, എല്ലാവരും തള്ളിപ്പറഞ്ഞിട്ടില്ല. അന്ന് പി.ടി പറഞ്ഞ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്ത് ഉണ്ടായ പ്രളയങ്ങളിൽ കൂടിയും മറ്റു പരിസ്ഥിതി പ്രശ്നങ്ങളിൽ കൂടിയും സത്യമാണെന്ന് പിന്നീട് തെളിഞ്ഞു. തിരഞ്ഞെടുപ്പിന്റെ സമയത്ത് ആളുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തിൽ പിടിയ്ക്ക് വിഷമം ഉണ്ടായിരുന്നു.
പാർട്ടി ആവശ്യപ്പെട്ടാൽ തൃക്കാക്കരയിൽ മത്സരിക്കാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന്, പിടിക്ക് ശേഷം ഒരു തിരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാൻ പോലും തോന്നുന്നില്ല. അതിലേക്ക് ഞാൻ എത്തിയിട്ടില്ല. എന്റെ നഷ്ടം വലിയൊരു നഷ്ടമാണ്. അതിൽ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്. രാഷ്ട്രീയ കാര്യത്തെക്കുറിച്ച്ഇപ്പോൾ ഒന്നും ആലോചിച്ചിട്ടില്ലെന്ന് ഉമ പറഞ്ഞു.
വ്യക്തികളോട് ഒരിക്കലും പി.ടിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് പിടിയോട് വലിയ വാത്സല്യമായിരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണൻ, രമേശ് ചെന്നിത്തല, കെസി ജോസഫ് തുടങ്ങിയവരൊക്കെ വളരെ ഏറെ സഹായിച്ചു. എല്ലാരും ഒന്നിച്ച് നിന്നാണ് സഹായം ചെയ്ത് തന്നത്. വിലകൂടിയ മരുന്നുകൾ എത്തിക്കാൻ എല്ലാവരും ഇടപെടുകയും നിരന്തരം വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തുവെന്ന് ഉമഅഭിമുഖത്തിൽ വ്യക്തമാക്കി.
പി.ടിയെ ഒരു നോക്ക് കാണാൻ വേണ്ടി കൊടും തണുപ്പിലും ജനങ്ങൾ കാത്തിരിക്കുന്നതും പി.ടിയോടുള്ള സ്നേഹപ്രകടനങ്ങളും കണ്ണീരോടെയുള്ള മടക്കവും കണ്ടത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിൽ പേജിൽ കൂടി നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇട്ടത്.
പിടി തോമസിന്റെ പേജ് അദ്ദേഹത്തിന് ഓർമ്മക്ക് വേണ്ടി സൂക്ഷിക്കും. അതിന് വേണ്ടി ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും ഉമ കൂട്ടിച്ചേർത്തു.
Content Highlights: Interview with late MLA PT Thomas wife Uma