കോലഞ്ചേരി > കിറ്റെക്സ് കമ്പനി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിച്ച കേസിൽ ലേബർ ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകും. കേസിൽ വ്യാഴാഴ്ച തെളിവെടുപ്പ് നടക്കും. റിമാൻഡിലായവരിൽ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം. എല്ലാവരെയും തെളിവെടുപ്പിന് എത്തിക്കില്ല. 164 പേരാണ് റിമാൻഡിലുള്ളത്.
പെരുമ്പാവൂർ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കുന്നത്തുനാട് സ്റ്റേഷനിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈൽഫോണുകളിലെ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. നിരവധി പ്രതികൾ ദൃശ്യങ്ങൾ നശിപ്പിച്ചതിനാൽ അവ വീണ്ടെടുക്കാനും നടപടികൾ തുടരുകയാണ്. ഇവ പരിശോധിച്ചശേഷം കൂടുതൽ പ്രതികളുണ്ടെങ്കിൽ അറസ്റ്റ് ചെയ്യും. അക്രമികൾ കത്തിച്ചതും തകർത്തതുമായ വാഹനങ്ങൾ സംഭവസ്ഥലത്തുനിന്ന് മാറ്റി. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ലേബർ ക്യാമ്പിനുമുന്നിലെ പൊലീസ് പിക്കറ്റും പട്രോളിങ്ങും തുടരുകയാണ്.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കുമെന്ന് ഡിജിപി അനിൽ കാന്ത് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ബാങ്ക് വിവരങ്ങൾ കൈമാറാൻ നിർദേശിച്ചിരുന്നു. ഇതുവരെയുണ്ടായ ചികിത്സാചെലവും തുടർചെലവുകളും വഹിക്കുമെന്നാണ് ഡിജിപി അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ കുന്നത്തുനാട് എസ്എച്ച്ഒ വി ടി ഷാജന്റെ കൈക്ക് ബുധനാഴ്ച കോലഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തും.
ഇതിനിടെ, പ്രതികളുടെ മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ പത്തുപേരെക്കൂടി ലേബർ ക്യാമ്പിൽനിന്ന് ചൊവ്വ വൈകിട്ട് പൊലീസ് പിടികൂടി. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 174 ആയി.