തിരുവനന്തപുരം
കെ- റെയിൽ അർധ അതിവേഗ പാതയ്ക്കെതിരെ സമരം പ്രഖ്യാപിച്ച് പുലിവാല് പിടിച്ച് കോൺഗ്രസ്. വികസനത്തിന് എതിരുനിൽക്കുന്നുവെന്ന പൊതുഅഭിപ്രായം ഉയരുന്നത് യുഡിഎഫിനെ പിറകോട്ടടുപ്പിച്ചിരുന്നു. പാർടിക്കുള്ളിലും യുഡിഎഫിലെ മറ്റ് കക്ഷികളിലും എതിർപ്പ് ഉയർന്നു. ഇതിനു പിന്നാലെ എല്ലാ ജില്ലയിലും മുഖ്യമന്ത്രി നേരിട്ട് പൗരപ്രമുഖരുടെ അഭിപ്രായം കേൾക്കുമെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസിനെ കനത്ത അങ്കലാപ്പിലാക്കി.
കെ–- റെയിലിനെ എന്തിന് എതിർക്കുന്നെന്ന ചോദ്യത്തിന് കോൺഗ്രസിൽ പല ഉത്തരമാണ്. സർക്കാരിന് കമീഷൻ അടിക്കാനാണെന്നും അതിവേഗപാതയാണ് വേണ്ടതെന്നും ചെന്നിത്തല. പരിസ്ഥിതി ആഘാതമാണ് എതിർപ്പിന് കാരണമെന്നും പിണറായി ചരിത്രപുരുഷൻ ആകാൻ പാടില്ലെന്നും വി ഡി സതീശൻ പറയുന്നു. ഉമ്മൻചാണ്ടി പദ്ധതിയെ എതിർക്കുന്നില്ല. മുസ്ലിംലീഗാകട്ടെ പദ്ധതിയെ പാടെ തള്ളുകയല്ല പ്രശ്നങ്ങൾ കേൾക്കണമെന്ന നിലപാടിലാണെന്ന് ആവർത്തിക്കുന്നു. പദ്ധതിയെ എതിർക്കാൻ മതിയായ കാരണമില്ലെന്നും എൽഡിഎഫിന് നേട്ടമുണ്ടാകുമെന്നതാണ് കോൺഗ്രസിന്റെ പ്രശ്നമെന്നും ഈ നിലപാടുകൾ തെളിയിക്കുന്നു.
വികസനപദ്ധതികളെ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ അന്ധമായി എതിർക്കാനില്ലെന്ന് പ്രഖ്യാപിച്ച ശശി തരൂർ എംപിയോടൊപ്പമാണ് നല്ലൊരു ശതമാനം അനുഭാവികളും നേതാക്കളും എന്നതും കോൺഗ്രസിനെ വലയ്ക്കുന്നു. ഇതിനിടെ, എട്ടു മീറ്റർ ഉയരത്തിൽ മതിൽ, ചളിയിലൂടെ പാത, കടക്കെണി തുടങ്ങി കെ സുധാകരൻ അടക്കം പ്രചരിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്നും വ്യക്തമായി. എല്ലാ വിവരവും വിശദമാക്കി എൽഡിഎഫ് പ്രവർത്തകരും സർക്കാരും രംഗത്തുവരുന്നതോടെ ജനങ്ങളിൽനിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് കോൺഗ്രസ്.