കൊച്ചി
സംസ്ഥാനത്ത് ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ക്രിസ്മസ്രാത്രി കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിവളപ്പിൽ അരങ്ങേറിയത്. മദ്യത്തിനും മറ്റ് ലഹരിക്കും അടിപ്പെട്ട് കല്ലും കുറുവടിയുമായി അഞ്ഞൂറിലേറെ അതിഥിത്തൊഴിലാളി അക്രമിക്കൂട്ടം. ഏതുനിമിഷവും അവരിൽനിന്ന് ആക്രമണം പ്രതീക്ഷിച്ച് നിസ്സഹായരായി ഇരുപതോളം പൊലീസുകാർ. ഭയന്നുവിറച്ച് നാട്ടുകാർ. കമ്പനിവളപ്പിൽ സ്വന്തം തൊഴിലാളികൾ അക്രമാസക്തരായിട്ടും ഒന്നുമറിയാത്തമട്ടിൽ മാനേജ്മെന്റ്. മണിക്കൂറുകളോളം ആൾക്കൂട്ടഭീകരതയ്ക്ക് ഇരയായി മരണത്തെ മുഖാമുഖം കണ്ട പൊലീസ് ഉദ്യോഗസ്ഥർ കിറ്റെക്സിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ രാത്രി ഓർത്തെടുക്കുകയാണിവിടെ.
തമ്മിൽത്തല്ലിൽ തുടക്കം
ശനി രാത്രി ഒമ്പതരയോടെയാണ് കിറ്റെക്സ് എച്ച്ആർ വിഭാഗം ഉദ്യോഗസ്ഥൻ കോശിയുടെ ഫോൺ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. തൊഴിലാളികൾ തമ്മിൽ സംഘർഷമെന്നായിരുന്നു സന്ദേശം. മിനിറ്റുകൾക്കകം എസ്ഐയും ഡ്രൈവറും ഒരു പൊലീസുകാരനും ജീപ്പിൽ കമ്പനിഗേറ്റിനുമുന്നിലെത്തി. സെക്യൂരിറ്റിയോട് വിവരം തിരക്കി. ബഹളം ലേബർ ക്യാമ്പിലാണെന്ന് പറഞ്ഞു. അവിടെയെത്തുമ്പോൾ നൂറിലേറെ അതിഥിത്തൊഴിലാളികൾ ഗേറ്റിനു പുറത്തുണ്ട്. പൊലീസ്വണ്ടി കണ്ടതും നാലഞ്ചുപേർ ഓടിയെത്തി. എല്ലാവരും ലഹരിയിലാണ്. മനോഹർ എന്ന സെക്യൂരിറ്റിക്കാരൻ തന്നെ തല്ലിയെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. ഷർട്ടൂരി പുറത്ത് തല്ലുകൊണ്ട പാടു കാണിച്ചു. അയാളെ പിടിക്കണം. ഇപ്പോൾ പിടിക്കണമെന്ന് കൂട്ടത്തിലുള്ളവരുടെ ആക്രോശം. സെക്യൂരിറ്റി ക്യാബിനിൽ തിരക്കിയപ്പോൾ മനോഹർ എന്നൊരാൾ ഇല്ലെന്നു പറഞ്ഞു. ഇതിനിടെ ആൾക്കൂട്ടത്തിന്റെ പെരുമാറ്റം മാറിത്തുടങ്ങി. ലേബർ ക്യാമ്പിൽനിന്ന് കൂടുതൽപേർ കൂട്ടംകൂട്ടമായി പൊലീസ്ജീപ്പ് ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു. പലരും കൈയിൽ കമ്പും കല്ലും ഒളിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളെ വിളിക്കണമെന്നായി തൊഴിലാളിക്കൂട്ടം. വിളിക്കാമെന്ന് പൊലീസ് പറഞ്ഞിട്ടും അടങ്ങാതെ ആക്രോശം. അക്രമാസക്തരാകാനും തുടങ്ങി. മദ്യം മാത്രമല്ല, മറ്റ് ലഹരിയും ഉണ്ടാകണം. സംഗതി പന്തിയല്ലെന്ന് പൊലീസിന് മനസ്സിലായി. കൺട്രോൾ റൂമിലും സ്റ്റേഷനിലും വിളിച്ച് അവസ്ഥ അറിയിച്ചു.
അതിക്രമം ആഘോഷമാകുന്നു
പട്രോളിങ് ഡ്യൂട്ടിലായിരുന്ന രണ്ടാമത്തെ പൊലീസ്ജീപ്പ് സ്ഥലത്തെത്തിയപ്പോൾ രാത്രി 10.30. എഎസ്ഐയും ഡ്രൈവറും ഒരു പൊലീസുകാരനുമുണ്ട്. രണ്ടാമത്തെ ജീപ്പ് കണ്ടതോടെ തൊഴിലാളികൾ വിളിച്ചുകൂവി വട്ടംകൂടി. എഎസ്ഐ ജീപ്പിൽനിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ കൈയേറ്റത്തിന് ചിലർ ശ്രമിച്ചു. മറ്റ് പൊലീസുകാരുടെ നിർബന്ധത്തിന് വഴങ്ങി എഎസ്ഐ ജീപ്പിൽ തിരിച്ചുകയറി. ഒരു പൊലീസുകാരൻ ലാത്തിയുമായി പുറത്തിറങ്ങിയപ്പോൾ അയാൾക്കുനേരെയായി ആക്രോശം. അയാളും ഓടി ജീപ്പിൽ കയറി. പിന്നെ ജീപ്പിനകത്ത് കൈയിട്ട് ഉപദ്രവിക്കാനായി ശ്രമം. എത്തിയ നാട്ടുകാരാകട്ടെ അടുക്കാൻ ധൈര്യപ്പെട്ടില്ല. ഈ സമയം അഞ്ഞൂറിലേറെ അതിഥിത്തൊഴിലാളികൾ റോഡിലുണ്ട്. കുറെപേർ മതിലിനുമുകളിലും. ആൾക്കൂട്ടം അതിക്രമം ആഘോഷമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പൊലീസുകാരെ മതിലിനോടും ജീപ്പിനോടും ചേർത്തുനിർത്തി കയർക്കാൻ തുടങ്ങി. ഇതിനിടെ പൊലീസ് സംഘം ഇൻസ്പെക്ടറെ ഫോണിൽ വിളിച്ചു. ഒറ്റയ്ക്ക് വരരുത്, സ്ട്രൈക്കർഫോഴ്സുമായി വന്നാലേ കാര്യമുള്ളൂ. ആൾക്കൂട്ടം അക്രമാസക്തരാണെന്ന് അറിയിച്ചു.
ആളിക്കത്തി അതിക്രമം
ഇൻസ്പെക്ടർ സ്ട്രൈക്കർഫോഴ്സിനെയും കൺട്രോൾ റൂമിലും സബ്ഡിവിഷനിലും ഉണ്ടായിരുന്ന പൊലീസുകാരെയും കൂട്ടി എത്തുമ്പോൾ സമയം രാത്രി 12.15. മൂന്നു ജീപ്പിലും ഒരു ബസിലുമായി പതിനഞ്ചോളം പൊലീസുകാരാണ് വന്നത്. ക്രിസ്മസ് അവധിമൂലം കൂടുതൽപേരെ ലഭ്യമായില്ല. അക്രമികൾ ജീപ്പിനുമുകളിലേക്ക് ചാടിക്കയറാൻ തുടങ്ങി. വടികൊണ്ട് ചില്ലുകൾ അടിച്ചുതകർത്തു. പൊലീസിന്റെ കൈയിൽനിന്ന് ഫൈബർ, ചൂരൽ ലാത്തികൾ പിടിച്ചുവാങ്ങി ഒടിച്ചെറിഞ്ഞു. മൊബൈൽഫോണുകൾ പിടിച്ചുവാങ്ങി. ജീപ്പുകളുടെ താക്കോൽ ഊരിയെടുത്തു. പൊലീസിന് ഒന്നും ചെയ്യാനില്ല. അനങ്ങിയാൽ നിന്നുകത്തുമെന്ന അവസ്ഥ. കത്തിക്കെന്ന് ഹിന്ദിയിൽ വിളിച്ചുകൂവൽ. മെഗാഫോണെടുത്ത് ആൾക്കൂട്ടത്തോട് സംസാരിക്കാൻ ഇൻസ്പെക്ടർ നിർദേശിച്ചു. മറ്റൊരു ജീപ്പിൽനിന്ന് മെഗാഫോൺ എടുക്കാൻ തിരിയുമ്പോൾ എസ്ഐ സാജന്റെ തലയ്ക്കുപിന്നിൽ തടിക്കഷണംകൊണ്ടുള്ള ആദ്യ അടിവീണു. തൊട്ടുപിന്നാലെ, ആൾക്കൂട്ടത്തിൽനിന്ന് എറിഞ്ഞ കല്ല് ഇൻസ്പെക്ടർ വി ടി ഷാജന്റെമേൽ പതിച്ചു. ബഹളത്തിനിടെ ഷാജന്റെ കൈവിരലൊടിഞ്ഞു. അക്രമികൾ തല്ലിത്തകർത്ത ജീപ്പിലാണ് പരിക്കേറ്റ ഷാജനെയും സാജനെയും മറ്റ് പൊലീസുകാരെയും കോലഞ്ചേരി ആശുപത്രിയിലെത്തിച്ചത്. പകുതിയോളം പൊലീസുകാർ പിൻവാങ്ങിയതോടെ അക്രമിക്കൂട്ടത്തിന്റെ തേർവാഴ്ച തുടങ്ങി. ജീപ്പ് കത്തിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാനേ സ്ഥലത്തുണ്ടായിരുന്ന നാലോ അഞ്ചോ പൊലീസുകാർക്ക് കഴിഞ്ഞുള്ളൂ. ഇതിനിടെ സ്ട്രൈക്കർഫോഴ്സ് എത്തിയ ബസ് പുറത്തേക്ക് ഓടിച്ചുനീക്കാനായി.
എംഡി അറിഞ്ഞില്ലെന്നോ
സംഭവം നടക്കുമ്പോൾ കിറ്റെക്സ് എംഡി സാബു ജേക്കബ് സ്ഥലത്തില്ലായിരുന്നു എന്നാണ് പറഞ്ഞത്. തൊഴിലാളികൾ ബഹളമുണ്ടാക്കുന്ന കാര്യം പൊലീസിൽ അറിയിച്ച എച്ച്ആർ ഉദ്യോഗസ്ഥൻ തീർച്ചയായും സാബു ജേക്കബിനെയും വിളിച്ചിട്ടുണ്ടാകണം. എന്നിട്ടും നാലഞ്ചുമണിക്കൂറോളം സ്വന്തം തൊഴിലാളികൾ കമ്പനിപരിസരത്ത് അഴിഞ്ഞാടിയിട്ടും പൊലീസ് സ്റ്റേഷനുകളിലേക്കോ പൊലീസ് ഉദ്യോഗസ്ഥരിലേക്കോ സാബു ജേക്കബിന്റെ ഫോൺവിളിപോലും എത്തിയില്ല. സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത എച്ച്ആർ ഉദ്യോഗസ്ഥനെ വിളിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. സെക്യൂരിറ്റിയെക്കൊണ്ട് കമ്പനിഫോണിൽ വിളിച്ചിട്ടും അയാൾ ഫോണെടുത്തില്ല. പുലർച്ചെയോടെയാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്നും ക്യാമ്പിൽനിന്നുമായി കൂടുതൽ പൊലീസിന് കിഴക്കമ്പലത്ത് എത്താനായത്. നാനൂറോളം പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തു.
വഴിമരുന്നായത് കമ്പനിയുടെ ചൂഷണം, വിവേചനം
കിറ്റെക്സ് മാനേജ്മെന്റിന്റെ ചൂഷണവും വിവേചനവുമൊക്കെയാണ് അതിഥിത്തൊഴിലാളികളെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒപ്പം മദ്യവും കഞ്ചാവും ഉൾപ്പെടെ മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും. ക്യാമ്പിൽ ക്രിസ്മസ് കാരൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് തുടക്കം. മലയാളി തൊഴിലാളികളെ കാരൾ നടത്താൻ അനുവദിച്ചപ്പോൾ അതിഥിത്തൊഴിലാളികളെ വിലക്കിയത് പ്രകോപനമായി. മലയാളികളുടെ കാരൾ തടസ്സപ്പെടുത്താൻ ഇവർ ശ്രമിച്ചത് വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ സെക്യൂരിറ്റിക്കാർ ഒരു അതിഥിത്തൊഴിലാളിയെ മർദിച്ചു. തുടർന്നുള്ള ബഹളത്തിലേക്കാണ് പൊലീസ് എത്തിയത്.
അക്രമിക്കൂട്ടത്തിന്
തുണ മാനേജ്മെന്റ്
സാബു ജേക്കബിന്റെ കിറ്റെക്സിലെ അക്രമികൾക്ക് തുണയായത് കമ്പനി ലേബർ ക്യാമ്പിലെ സംരക്ഷണവും മാനേജ്മെന്റിന്റെ സർക്കാർവിരുദ്ധ നിലപാടുകളും. പൊലീസ്ജീപ്പ് ‘സിമ്പിളാ’യി തൊഴിലാളികൾ കത്തിക്കുമ്പോൾ കമ്പനിയുടെ അഗ്നിശമനവാഹനം ഉപയോഗിക്കാത്തതിലും ദുരൂഹത. പൊലീസ്വാഹനങ്ങൾ ആക്രമിച്ച തൊഴിലാളികൾ കമ്പനിവളപ്പിലുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ തൊടാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നു. പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കാത്ത ലേബർ ക്യാമ്പുകളിലേക്ക് മദ്യവും മയക്കുമരുന്നും എത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയ തൊഴിലാളികൾ തടയാനെത്തിയ സുരക്ഷാജീവനക്കാരെ ആക്രമിച്ചെന്നാണ് കമ്പനിയുടെ വാദം. എന്നാൽ, ഇവർക്കാർക്കും പരിക്കേൽക്കുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ല. ഇൻസ്പെക്ടർ ഉൾപ്പെടെ 13 പൊലീസുകാർക്ക്, കല്ലേറിലും പട്ടികയ്ക്ക് അടിയേറ്റും പരിക്കേറ്റിരുന്നു. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൺട്രോൾ റൂം വാഹനവും പിന്നാലെയെത്തിയ കുന്നത്തുനാട് പൊലീസിന്റെ ജീപ്പും അക്രമികൾ തകർത്തു. സിഐയെയും എസ്ഐയെയും ഉൾപ്പെടെ ആക്രമിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാർ സുരക്ഷിതരായി മാറിനിന്നു.
ജീപ്പ് കത്തിച്ചപ്പോൾ സമീപം കമ്പനിയുടെ അഗ്നിശമനവാഹനം ഉണ്ടായിരുന്നു. പൊലീസ് അറിയിച്ചപ്രകാരമെത്തിയ പട്ടിമറ്റം അഗ്നി രക്ഷാസേനയെ തൊഴിലാളികൾ കടത്തിവിട്ടില്ല. ‘ലഹരി’യിൽഅഴിഞ്ഞാടിയ തൊഴിലാളികൾ, കമ്പനിവക വസ്തുക്കളോ വാഹനങ്ങളോ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചതും ദുരൂഹമാണ്. എസി ബസ് ഉൾപ്പെടെയുള്ളവ കമ്പനി മുറ്റത്തുണ്ടായിരുന്നു. ക്യാമ്പിലെ തൊഴിലാളികൾ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചെന്ന് എംഡി സാബു ജേക്കബ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. പ്രധാന കവാടത്തിൽ കമ്പനി സുരക്ഷാജീവനക്കാരുടെ പരിശോധനയും അകത്തേക്കും പുറത്തേക്കും കടക്കാൻ പ്രത്യേക പാസുമുണ്ട്. ഇത്രയും സുരക്ഷാ സംവിധാനം മറികടന്ന് പുറത്തുനിന്നാർക്കും അവിടെ ലഹരി എത്തിച്ചു നൽകാനാവില്ല. എന്നിട്ടും ക്യാമ്പിലെങ്ങനെ ലഹരിവസ്തുക്കളെത്തി എന്നതിന് ഉത്തരമില്ല.