തിരുവനന്തപുരം
കെ -റെയിൽ അർധ അതിവേഗ പാതയ്ക്കെതിരായ കോൺഗ്രസ് സമരത്തെ എതിർത്ത ശശി തരൂർ എംപിക്കെതിരെ നിലപാട് കടുപ്പിച്ച് ഗ്രൂപ്പ് നേതാക്കൾ. തരൂരിനെതിരെ നടപടിയെടുക്കാൻ കെ സുധാകരനും വി ഡി സതീശനും കഴിയില്ലെന്നറിയാവുന്ന നേതാക്കളാണ് നടപടിക്ക് മുറവിളികൂട്ടുന്നത്. അതേസമയം, നിലപാട് മാറ്റിയിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിലൂടെ തരൂർ സൂചന നൽകി.
തരൂരിനെ നിലയ്ക്ക് നിർത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു. ഒരു പടികൂടി കടന്നാണ് കെ മുരളീധരന്റെ ആക്രമണം. രണ്ടരക്കൊല്ലംകൂടി സഹിച്ച് അടുത്തയാളെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുമെന്ന് മുരളീധരൻ പറഞ്ഞു. വിശ്വപൗരന്മാരെ കൊണ്ടുനടക്കാനുള്ള ശക്തി പാർടിക്കില്ലെന്നും പരിഹസിച്ചു.
തരൂരിനെ പുറത്താക്കുമെന്ന് വീമ്പടിച്ച ഔദ്യോഗിക ഗ്രൂപ്പ് മറുകണ്ടം ചാടി. വിഷയം മയപ്പെടുത്താനുള്ള ശ്രമമാണിപ്പോൾ. തരൂർ എല്ലാം അംഗീകരിച്ചുവെന്ന ഒഴുക്കൻ മറുപടിയായിരുന്നു വി ഡി സതീശന്റേത്. തന്നെ വന്ന് കണ്ട് ചർച്ച നടത്തണമെന്ന കെ സുധാകരന്റെ നിലപാടിനെ തരൂർ വകവച്ചില്ല. കെ–-റെയിൽ സംബന്ധിച്ച നിലപാട് മാറ്റിയതായി അറിയിച്ചിട്ടുമില്ല. നിതി ആയോഗ് ആരോഗ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാന സർക്കാരിനെ തരൂർ പുകഴ്ത്തുകയും ചെയ്തു.
തരൂർ യുഡിഎഫ് നിലപാടിനൊപ്പം: സതീശൻ
അർധ അതിവേഗ റെയിൽ പദ്ധതിയിൽ ശശി തരൂർ എംപി യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹം പദ്ധതിക്ക് അനുകൂല നിലപാട് എടുത്തിട്ടില്ല. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ല. മുഖ്യമന്ത്രി നടത്തുമെന്ന് പറഞ്ഞാൽ നടത്തില്ലെന്നാണ് ഞങ്ങളുടെ മറുപടി. കാസർകോട് ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.