കോഴിക്കോട്
ജിഫ്രി മുത്തുക്കോയ തങ്ങൾക്കുനേരെയുള്ള വധഭീഷണി വെളിപ്പെടുത്തുന്നത് മുസ്ലിംലീഗിന്റെ തീവ്രവാദമുഖം. ഇതോടെ എതിർത്താൽ ജീവനെടുക്കുമെന്ന അങ്ങേയറ്റം അപകടകരമായ ഫാസിസ്റ്റ് തീവ്രവാദനയത്തിലേക്ക് ലീഗ് എത്തി. ജമാഅത്തെ ഇസ്ലാമിയുടെ കളരിയിൽ അംഗത്വമെടുത്ത ലീഗ് സംഘപരിവാരത്തിന്റെ ശൈലിയിലേക്ക് നീങ്ങുകയാണ്. മതനിരപേക്ഷതയ്ക്കും സഹിഷ്ണുതയാർന്ന മതസംസ്കാരത്തിനുംകൂടി വെല്ലുവിളി ഉയർത്തുകയാണിവർ. സമാദരണീയനായ മതപണ്ഡിതനുനേരെയുള്ള കൊലവിളി ഇതിന്റെ ആദ്യ സൂചനയും.
യൂദാസ്, അരിവാൾ തങ്ങൾ… ഇപ്പോൾ വധഭീഷണി
മുസ്ലിം സമുദായത്തിനകത്തും പുറത്തും സർവാദരണീയ അംഗീകാരമുള്ള മതപണ്ഡിത ശ്രേഷ്ഠനാണ് ജിഫ്രി തങ്ങൾ. മതവിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരായ നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. വഖഫ് വിഷയത്തിൽ ലീഗ് പള്ളിയെ രാഷ്ട്രീയപ്രചാരണ വേദിയാക്കുന്നതിനെ തുറന്നെതിർത്തു. കലാപനീക്കത്തിന് തിരിച്ചടിയേകിയതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനിലുള്ള വിശ്വാസവും പരസ്യമാക്കി. സമസ്ത മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതോടെ ലീഗിന് ഹാലിളകി. ആദ്യം സൈബർ ആക്രമണമായിരുന്നു. യൂദാസ്, അരിവാൾ തങ്ങൾ, കമ്യൂണിസ്റ്റ് മൗലവി എന്നൊക്കെ ജിഫ്രി തങ്ങളെ അധിക്ഷേപിച്ചു. അദ്ദേഹം നേരിട്ട് സൈബർ അധിക്ഷേപത്തെക്കുറിച്ച് പറഞ്ഞു. എന്നാൽ ഖേദപ്രകടനത്തിനോ പ്രവർത്തകരെ തിരുത്താനോ ലീഗ് നേതൃത്വം തയ്യാറായില്ല. പകരം ലീഗിന്റെ വഖഫ് റാലിയിലും സമസ്തയ്ക്കും ജിഫ്രി തങ്ങൾക്കുമെതിരായ ഭീഷണിശബ്ദമുയർന്നു. സമസ്തയുടെ മുൻകാല നേതാക്കളുടെ പേര് എണ്ണിപ്പറഞ്ഞുള്ള സാദിഖലി തങ്ങളുടെ വാക്കുകളായിരുന്നു ഇതിൽ പ്രധാനം. ജിഫ്രി തങ്ങൾക്കെതിരെ നേതാക്കൾ ഉയർത്തിയ ആ എതിർപ്പും വിമർശവുമാണ് കൊലവിളിയിലേക്ക് നയിച്ചത്.
ഗൗരവമായി എടുത്തിട്ടില്ലെന്ന് ജിഫ്രി തങ്ങൾ
വധഭീഷണിയൊന്നും തന്നെ ബാധിക്കില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇത് ഗൗരവമായി കാണുന്നില്ല. പൊലീസിൽ പരാതിപ്പെട്ടിട്ടുമില്ല. ഫോണിലാണ് ഭീഷണി. ഏതു നമ്പറാണെന്നൊന്നും ശ്രദ്ധിച്ചിട്ടില്ല. പത്തിരുപത് ദിവസം മുമ്പായിരുന്നു. യാദൃച്ഛികമായാണ് ഞായറാഴ്ച ആനക്കയത്ത് ഇക്കാര്യം സൂചിപ്പിച്ചത്. പ്രസ്ഥാന നടത്തിപ്പിലെ വെല്ലുവിളികളെപ്പറ്റി സ്വാഗതപ്രസംഗകനോ മറ്റോ പറയുകയുണ്ടായി. തുടർന്നാണ് ഉദ്ഘാടനത്തിൽ ഇക്കാര്യം പറഞ്ഞത്. ഞാനിതൊന്നും കാര്യമായി എടുത്തിട്ടില്ല. കൂടുതൽ പ്രതികരിക്കാനുമില്ല –- ജിഫ്രി തങ്ങൾ ‘ദേശാഭിമാനി’യോട് പറഞ്ഞു.