തിരുവനന്തപുരം
വാളയാർ കേസിൽ പൊലീസിന്റെ കണ്ടെത്തൽ സിബിഐയും സ്ഥിരീകരിച്ചത് പ്രശ്നം രാഷ്ട്രീയ വിവാദമാക്കിയവർക്കുള്ള പ്രഹരം. രണ്ട് പെൺകുട്ടികളുടെ ദാരുണമരണം ഒരുവിഭാഗം ആക്ടിവിസ്റ്റുകളും പ്രതിപക്ഷവും ചേർന്ന് സർക്കാരിനെതിരെ ആയുധമാക്കി. മുഖ്യമന്ത്രിയെയും പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്താൻ നിരന്തരം ശ്രമിച്ചു. എന്നാൽ സർക്കാരിനെ വിവാദക്കുരുക്കിലാക്കാൻ ഇറങ്ങിയവരുടെ കണ്ണുതുറപ്പിച്ചതാണ് സിബിഐ സമർപ്പിച്ച കുറ്റപത്രം. പൊലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തര ശാരീരിക പീഡനത്തെത്തുടർന്ന് കുട്ടികൾ ആത്മഹത്യചെയ്തെന്നാണ് സിബിഐയുടെയും കണ്ടെത്തൽ. അമ്മയെ തലമുണ്ഡനം ചെയ്യിപ്പിച്ച് സമരത്തിന് ഇറക്കിയവർക്കും സെക്രട്ടറിയറ്റ് പടിക്കൽ ഉടുപ്പ് കെട്ടിത്തൂക്കി നാടകമാടിയവർക്കും മുഖത്തേറ്റ അടിയായി കുറ്റപത്രം.
ആത്മഹത്യക്ക് സാഹചര്യമൊരുക്കിയതിൽ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേസിന്റെ നാൾവഴി. 2017 ജനുവരി ഏഴിനാണ് പതിമൂന്നുകാരിയായ മൂത്തകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പതു വയസ്സുകാരിയും ഇതേ വീട്ടിൽ തൂങ്ങിമരിച്ചു. അമ്മയും ഈ വീട്ടിൽത്തന്നെയായിരുന്നു താമസം. പ്രതികൾ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. ഇളയകുട്ടി മരിച്ചതോടെ അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. പൊലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനത്തിന് ഇരയായെന്ന വിവരമുണ്ടായിരുന്നു. ദിവസങ്ങൾക്കുള്ളിൽ പ്രതികളെ അറസ്റ്റുചെയ്തു. പെൺകുട്ടികൾക്ക് നീതി കിട്ടണമെന്നതായിരുന്നു സർക്കാർ സമീപനം.
അതിനിടെയാണ് സംഭവം സർക്കാരിനെതിരെ ചിലർ രാഷ്ട്രീയ ആയുധമാക്കിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയവരും ഏറെ. കെട്ടുകഥകളും ദുർവ്യാഖ്യാനങ്ങളുമായി ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന് മുഖ്യമന്ത്രിയെയും സിപിഐ എമ്മിനെയും ലക്ഷ്യമിട്ട് വേട്ട തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ അമ്മയ്ക്ക് പിന്തുണ ഉറപ്പുനൽകിയ അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർക്കുള്ള തിരിച്ചടിയാണ് സിബിഐയുടെ കുറ്റപത്രം.