തിരുവനന്തപുരം
‘ഓപ്പറേഷൻ കാവലി’ൽ പത്ത് ദിവസത്തിനിടെ സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമായ 15,431 പേരെ കർശന നിരീക്ഷണത്തിലാക്കി കേരള പൊലീസ്. ഇവരുടെ വിശദമായ ക്രൈംപട്ടികയും ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കി. പ്രശ്നക്കാരായ 6619 പേരെ കരുതൽ തടങ്കലിലാക്കി. ആർഎസ്എസ്, എസ്ഡിപിഐ ബന്ധമുള്ള വർഗീയ ഗുണ്ടകളും ഇക്കൂട്ടത്തിലുണ്ട്.
വിവിധ കേസിൽ ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ 6911 വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇതോടെ കുപ്രസിദ്ധ ഗുണ്ടകൾ ഉൾപ്പെടെ 4717 പേർ പൊലീസ് സ്റ്റേഷനുകളിൽ കീഴടങ്ങി. കുറ്റകൃത്യം തടയാനും നല്ല നടപ്പിനുമായി 525 പേരും പിടിയിലായി. 47 പേർക്കെതിരെ കാപ്പ ചുമത്തും. വ്യവസ്ഥ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദാക്കി. കുറ്റവാളികളിൽനിന്ന് 2610 മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത്. സിറ്റിയിൽ 141 പേരെ പരിശോധിച്ചതിൽ മുങ്ങിനടന്ന 74 പേരെയും റൂറലിൽ 103 പേരെ പരിശോധിച്ചതിൽ 48 പേരെയും അറസ്റ്റ് ചെയ്തു.
സാമൂഹ്യവിരുദ്ധർ, ഗുണ്ടകൾ, മണ്ണ് മയക്കുമരുന്ന് മാഫിയ, ക്വട്ടേഷൻ സംഘാംഗങ്ങൾ എന്നിവരെ പിടികൂടാൻ ഡിസംബർ 18നാണ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ‘ഓപ്പറേഷൻ കാവൽ’ ഡ്രൈവ് ആരംഭിച്ചത്. പോത്തൻകോട് കൊലപാതകത്തിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം റെയ്ഞ്ച് ഐജി സഞ്ജയ്കുമാർ ഗുരുഡിൻ ഓപ്പറേഷൻ ട്രോജനും ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, റൂറൽ, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്നുമാത്രം 279 പിടികിട്ടാപ്പുള്ളികളും 468 വാറന്റ് പ്രതികളും അറസ്റ്റിലായി.