പാലക്കാട്
വാളയാറിൽ സഹോദരിമാരുടെ മരണത്തിൽ പൊലീസ് അന്വേഷണവും നടപടികളും ശരിവച്ച് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സർക്കാരിന്റെ നിലപാടുകൾക്കുള്ള അംഗീകാരം. പുതുതായി പ്രതികളെ ചേർക്കുകയോ പൊലീസിനെതിരെ നടപടി നിർദേശിക്കുകയോ ചെയ്തിട്ടില്ല എന്നതും ഇതിന് തെളിവായി.
അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സമരാഭാസവും സർക്കാരിനും സിപിഐ എമ്മിനുമെതിരെ വൻതോതിൽ കുപ്രചാരണവും നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയെ ‘കുട്ടിയുടുപ്പ്’ ചിഹ്നത്തിൽ മത്സരിപ്പിച്ചു. ഇരകൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രിയും പാർടിയും ആവർത്തിച്ചിട്ടും ബാഹ്യശക്തികൾ അതംഗീകരിച്ചില്ല. അന്വേഷണത്തിലെ വീഴ്ചയ്ക്ക് വാളയാർ എസ്ഐ ചാക്കോയെ സസ്പെൻഡ് ചെയ്തു. ഡിവൈഎസ്പിമാരായ വാസുദേവൻ, വിപിൻദാസ് എന്നിവർക്കെതിരെ വകുപ്പുതല നടപടി എടുത്തു.
2019 ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെവിടുന്നത്. പെൺകുട്ടികളുടെ അമ്മ സന്ദർശിച്ചപ്പോൾ നീതി ലഭ്യമാക്കാൻ ഏതറ്റംവരെയും പോകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രോസിക്യൂഷന്റെ വീഴ്ച കണ്ടെത്തിയതിനെത്തുടന്ന് റിട്ട. ജസ്റ്റിസ് പി കെ ഹനീഫയെ അന്വേഷണ കമീഷനായി നിയമിച്ചു. വിധി റദ്ദാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷത്തിനകം കീഴ്കോടതി വിധി റദ്ദാക്കി പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിടുന്നത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ കത്ത് നൽകിയിരുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ പ്രത്യേക അഭിഭാഷകസംഘത്തെയും നിയോഗിച്ചു. അമ്മയുടെ ആവശ്യംകൂടി അംഗീകരിച്ചാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.
ആത്മാർഥത തെളിഞ്ഞു: സി കെ രാജേന്ദ്രൻ
പൊലീസിന്റെ കണ്ടെത്തലുകൾ സിബിഐയും ശരിവച്ചതോടെ സർക്കാരിന്റെയും ഇടതുമുന്നണിയുടെയും ആത്മാർഥത തെളിഞ്ഞതായി സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയം ചിലർ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചു. ഇരകൾക്ക് നീതി വേണമെന്നതാണ് സർക്കാരിന്റെയും പാർടിയുടെയും നിലപാടെന്നും രാജേന്ദ്രൻ പറഞ്ഞു.