കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടന്നതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോൺസൻ്റെ സാമ്പത്തിക ഉറവിടങ്ങളും ഇടപാടുകളും കണ്ടത്തേണ്ടതുണ്ട്. പ്രാഥമിക ഘട്ടത്തിൽ ശ്രുതി ലക്ഷ്മിയിൽ നിന്ന് മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. കള്ളപ്പണക്കേസ് അന്വേഷിക്കാൻ ഹൈക്കോടതി ഇ.ഡിക്ക് നിർദേശം നൽകിയ സാഹചര്യത്തിലാണ് നടപടി.
മോൺസൻ്റെ വീട്ടിൽ നടന്ന ആഘോഷ പരിപാടിയിൽ ശ്രുതി ലക്ഷ്മി നൃത്തം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇരുവരും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടെത്തിയതിനാൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുക. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടന്നുവെങ്കിൽ എപ്രകാരം എന്നീ കാര്യങ്ങളിലാകും കൂടുതൽ അന്വേഷണം നടക്കുക. എന്നാൽ, മുടി കൊഴിച്ചിലിന് ചികിത്സ തേടിയാണ് മോൺസനെ സമീപിച്ചതെന്നാണ് മുൻപ് വ്യക്തമാക്കിയിരുന്നത്.
മോൺസൻ കേസിൽ ഇ.ഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോൺസനെതിരെ ക്രൈംബ്രാഞ്ച് രണ്ട് പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റ് മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൺസനുമായുള്ള ഏക ബന്ധമെന്ന് ശ്രുതി ലക്ഷ്മി വ്യക്തമാക്കിയിരുന്നു. വളരെ നന്നായി ഇടപെടുന്ന വ്യക്തിയായതിനാലാണ് അദ്ദേഹം വിളിച്ച പരിപാടികളിൽ പങ്കെടുത്തത്. ഒരു പരിപാടിക്കിടെയാണ് മോൺസനുമായി പരിചയപ്പെടുന്നത്. ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് സേവനം ലഭിച്ചിട്ടുണ്ടെന്നും ശ്രുതി ലക്ഷ്മി പറഞ്ഞിരുന്നു.