കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ആരും പ്രസ്ഥാനത്തിൻ്റെ നിലപാട് മറന്ന് അഭിപ്രായം പറയില്ല. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണം. അദ്ദേഹം അഖിലേന്ത്യ നേതാവും എംപിയുമായതിനാൽ വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ല. അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
അതേസമയം, തരൂരിനെ പരോക്ഷമായി പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ തരൂർ യുഡിഎഫ് നിലപാടിനൊപ്പമാണ്. പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് അദ്ദേഹം തനിക്ക് മറുപടി നൽകിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തരൂർ വിഷയത്തിൽ കെപിസിസി തീരുമാനമെടുക്കട്ടെയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. “തരൂരിനെതിരെ എഐസിസിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. തരൂരിൻ്റെ കാര്യത്തിൽ കെപിസിസി നേതൃത്വം അഭിപ്രായം പറഞ്ഞിട്ടില്ല. ദേശിയ നേതൃത്വത്തിന് ബോധ്യമുള്ളതാണ്. വിഷയം ഞങ്ങളുടെ മുന്നിലെത്തുമ്പോൾ നിലപാട് വ്യക്തമാക്കും” – എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. ഇതിനിടെ തരൂരിനെതിരെ കെ മുരളീധരനും രംഗത്തുവന്നു.
കെ റെയിൽ വിഷയത്തിൽ കോൺഗ്രസ് നിലപാടിനു വിരുദ്ധമായി പ്രതികരിച്ച തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. പാര്‍ട്ടി എംപിമാര്‍ പാര്‍ട്ടിക്ക് വഴിപ്പെടണം. ശശി തരൂരിനോടു വിശദീകരണം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വിധേയപ്പെടാത്തവര്‍ പാര്‍ട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. കെ റെയിൽ സിൽവര്‍ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയ്ക്കെതിരെ കോൺഗ്രസ് സമരവുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കെപിസിസിയും തരൂരും തമ്മിൽ ഏറ്റുമുട്ടുന്നത്.
കെ റെയിൽ വിഷയത്തിൽ യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവെ മന്ത്രിക്കയച്ച കത്തിൽ തരൂർ ഒപ്പ് വെക്കാതിരുന്നതോടെയാണ് കോൺഗ്രസിൽ തർക്കം ആരംഭിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന നിലപാട് തരൂർ സ്വീകരിക്കുകയും ചെയ്യുന്നതോടെ യുഡിഎഫിൽ എതിർപ്പ് രൂക്ഷമായി.
കത്തിൽ ഒപ്പ് വെക്കാൻ തയ്യാറാകാതിരുന്നത് കെ റെയിൽ പദ്ധതിയെ പിന്തുണയ്ക്കുന്നു എന്നല്ലെന്നും കത്തിൽ ഒപ്പ് വെക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും കത്തിൻ്റെ ഉള്ളടക്കം തനിക്ക് ലഭ്യമായിരുന്നിലെന്നും തരൂർ വ്യക്തമാക്കിയിരുന്നു. കേരളം ബിസിനസ് ചെയ്യാൻ കഴിയുന്ന സ്ഥലമാണെന്ന് ലുലു മാൾ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെയാണ് ഞാൻ പ്രശംസിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.