തിരുവനന്തപുരം: വെഞ്ഞാറമൂട് പാണയത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളുടെ ബാഗുകൾ കണ്ടെത്തി. പാലോട് വന മേഖലയിൽ നിന്നാണ് ഇവരുടെ ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്കായി ഇപ്പോൾ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. വനപ്രദേശത്തോട് ചേർന്ന് കാണാതായ കുട്ടികളിലൊരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്.
പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെയാണ് ഇന്നലെ രാവിലെ 10.30 മുതൽ കാണാതായത്. വീട്ടിൽ നിന്നും നാലായിരം രൂപയും ഒപ്പം വസ്ത്രങ്ങളുമെടുത്താണ് കുട്ടികൾ പോയതെന്ന് വെഞ്ഞാറംമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ രക്ഷിതാക്കൾ പറയുന്നു. സംഘത്തിലുള്ള ഒരു കുട്ടിയെ ഇതിന് മുൻപും കാണാതിയിട്ടുണ്ട്.
രാവിലെ മുതൽ വനം കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് നാട്ടുകാർ. ബാഗ് ഉപേക്ഷിച്ച് കുട്ടികൾ പോയത് കണ്ടു എന്ന വെളിപ്പെടുത്തലുകൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികൾ വനത്തിനുള്ളിലുണ്ടെന്ന നിഗമനത്തിലാണ് തിരച്ചിൽ നടക്കുന്നത്. 11,13, 14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇതിൽ രണ്ട് പേർ ബന്ധുക്കളും മൂന്നാമൻ സമീപത്തെ വീട്ടിൽ താമസിക്കുന്നയാളുമാണ്.
കുട്ടികളുടെ ബന്ധുക്കളിലൊരാൾ അവരെ കണ്ടു എന്നാണ് തിരച്ചിൽ നടത്തുന്ന സംഘത്തിലുള്ള ഒരാൾ പറയുന്നത്. വന്തതിനുള്ളിൽ 25 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Content Highlights: bags of missing boys found near forest area in palode