ആലപ്പുഴ: ആർഎസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പോലീസിന്റെ കസ്റ്റഡിയിൽ. എസ്ഡിപിഐ പ്രവർത്തകരായ ഇവരിൽ രണ്ടുപേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. അനൂപ്, അഷ്റഫ് എന്നിങ്ങനെ പേരുള്ള കൃത്യത്തിൽ പങ്കെടുത്ത രണ്ടുപേരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക.
കൊലപാതകത്തിൽ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. പിടിയിലായവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വഴി മറ്റുള്ള പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ വിശദാംശം ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ആലപ്പുഴ എസ്പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനിടെ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്. ആലുവ ജില്ലാ പ്രചാരകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13-ാം വാർഡ് കുറുങ്ങാടത്ത് വളപ്പിൽവീട്ടിൽ കെ.വി. അനീഷിനെയാണ് (39) ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ മുരുകേശനെ ഒളിവിൽ താമസിക്കാൻ അനീഷ് സഹായിച്ചെന്ന് പോലീസ് പറയുകയുണ്ടായി.
ആലുവയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഷാനിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയിലടക്കം ആർ.എസ്.എസ്. നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Content Highlights : BJP Leader Ranjith murder case; Three SDPI activists arrested