കൊച്ചി > നടിയെ ആക്രമിച്ച കേസില് വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന് നല്കിയ ഹര്ജി ഹൈക്കോടതി ഫയലില് സ്വീകരിച്ചു. എതിര്കക്ഷികള്ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്ദേശം നല്കി. പ്രതികള്ക്കായി വിചാരണ കോടതിയില് ഹാജരാവുന്ന അഭിഭാഷകര്ക്ക് പ്രോസിക്യൂഷന് ഹര്ജിയുടെ പകര്പ്പ് നല്കാനും ജസ്റ്റിസ് വി ജൂ എബ്രഹാം നിര്ദ്ദേശിച്ചു.
പ്രതികളുടെ ഫോണ് വിളികളുടെ യഥാര്ഥ രേഖകള് വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി വിധിക്കെതിരെയായിരുന്നു പ്രോസിക്യൂഷന്റെ ഹര്ജി. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്ന്നാണ് ഹൈക്കോടതിയില് ഹര്ജി നല്കിയത്. പ്രോസിക്യൂഷന്റെ നിര്ണായക വാദത്തെ അപ്രസക്തമാക്കുന്ന നടപടിയാണിതെന്ന് അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര് ഹര്ജിയില് പറഞ്ഞു.
പ്രതികളുടെ ഫോണ് സംഭാഷണങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ് ടെലികോം കമ്പനികള് വിചാരണക്കോടതിയില് സമര്പ്പിച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. തുടര്ന്ന് യഥാര്ഥ രേഖകള് വിളിച്ചുവരുത്താന് പ്രോസിക്യൂഷന് അപേക്ഷ നല്കി. തുടര്ന്ന് വിചാരണക്കോടതി ഡിസംബര് 21നാണ് അപേക്ഷ തള്ളിയത്.