കോഴിക്കോട്: മീഞ്ചന്തയിലെ ചെരുപ്പ് ഗോഡൗണിൽ വൻ തീപ്പിടിത്തം. ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല. മാർക് ഫുട്വെയറിന്റെ ഗോഡൗണിന് ചൊവ്വാഴ്ച പുലർച്ചെ 2.30ന് ആണ് തീപിടിച്ചത്. അപകടമുണ്ടാകുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് ഗോഡൗണിലുണ്ടായിരുന്നത്. ഇവർ സെക്യൂരിറ്റിയെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരാണ് ആദ്യം എത്തിയത്.
പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് അഗ്നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണക്കാൻ ശ്രമം ആരംഭിച്ചത്. ചെരുപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും രാസപദാർത്ഥങ്ങളും ഉണ്ടായിരുന്നതിനാൽ തീ ആളിക്കത്തുകയായിരുന്നു. തിപ്പിടിത്തത്തിൽ ചെരുപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം കത്തി നശിച്ചു. കെട്ടിടത്തിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. മേൽക്കൂര ഇടിഞ്ഞ് താഴ്ന്ന അവസ്ഥയിലാണ്.
നിലവിൽ തീ പടർന്ന സ്ഥലത്ത് വലി രീതിയിൽ പുക ഉയരുന്നുണ്ട്. രാസപദാർത്ഥങ്ങളുണ്ടായിരുന്നതിനാൽ പുക ഉയരുന്നതിൽ മറ്റ് ആശങ്കകൾക്ക് ഇടയുണ്ടോയെന്നും സ്ഥലത്തുള്ള സംഘം പരിശോധിക്കുന്നുണ്ട്. തീ പടർന്നതിനെ തുടർന്ന് മേൽക്കൂര ഉരുകി വീഴുകയും ചുമരുകൾ അടർന്ന് പോകുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് തീ വീണ്ടും ഉയരാൻ സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ച കെട്ടിടത്തിലെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
മൂന്ന് ഭാഗങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏതൊക്കെ ഭാഗത്ത് തീ പിടിച്ചുവെന്നും ഒപ്പം രാസപദാർത്ഥങ്ങളുടെ സാന്നിധ്യം ഏതൊക്കെയിടങ്ങളിലാണെന്നും അറിയാത്തത് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ചുമരുകൾ അടർത്തി മാറ്റിയ ശേഷമാണ് അഗ്നിശമന സേന അകത്തേക്ക് പ്രവേശിച്ചത്. കെട്ടിടത്തിന് ചുറ്റുനിന്നും വെള്ളം ഉപയോഗിച്ച് തീ അണച്ച് പൂർണ സുരക്ഷ ഉറപ്പുവരുത്തുകയാണ് അഗ്നിശമനസേന.
1985ൽ നിർമ്മിച്ച കെട്ടിടത്തിന് 36 വർഷത്തോളം പഴക്കമുണ്ട്. അതേസമയം കെട്ടിടത്തിൽ തീ പടർന്നത് എങ്ങനെയാണെന്ന കാരണമുൾപ്പെടെ ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. സമീപത്തായി മറ്റ് കമ്പനികളും പ്രവർത്തിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാത്തത് വലിയ അപകടം ഒഴിവാക്കി.
Content Highlights: Huge fire in foot wear factory at Kozhikode