മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസിസി.എം.അബ്ദുല്ല മുസ് ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പലരും വിളിക്കുന്നുണ്ടെന്ന് തങ്ങൾ പറഞ്ഞു. മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷൻ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്നും നിലപാടുകളിൽ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോൾ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതി. ഞാനിപ്പോൾ അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കിൽ ചിലപ്പോൾ അങ്ങനെ ആവും. അല്ലാഹു തആല നല്ല നിലക്ക് ഈമാനോടെ മരിക്കാൻ നമുക്കൊക്കെ തൗഫീഖ് നൽകട്ടെ-തങ്ങൾ ആനക്കയത്ത് പറഞ്ഞു.
വഖഫ് വിഷയത്തിൽ മുസ്ലിംലീഗ് തീരുമാനങ്ങൾക്ക് വിരുദ്ധമായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്രമണമുണ്ടായിരുന്നു. വഖഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധം നടത്തുന്നതിനെതിരെ ജിഫ്രി തങ്ങൾ നിലപാട് എടുത്തതിന് പിന്നാലെയായിരുന്നു ഇത്. സമസ്ത നിലപാടിനെ തുടർന്ന് പള്ളികളിലെ പ്രതിഷേധത്തിൽ നിന്ന് ലീഗിന് പിൻവാങ്ങേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ച് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്ന് ജിഫ്രി തങ്ങൾ അറിയിക്കുയും ചെയ്തിരുന്നു.
ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി.എം അബദുല്ല മുസ്ലിയാരെ 2010 ഫെബ്രുവരി 15ന് പുലർച്ചെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദൂരൂഹസാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Content Highlights : Death threatsrevealed by Jifri Muthukkoya Thangal on waqf issue