സിപിഎമ്മിന്‍റെ കണക്കിൽ ജയിച്ചുവെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പെരിന്തൽമണ്ണ. ഈ മണ്ഡലത്തിൽ കൂടി ജയിച്ചിരുന്നെങ്കിൽ സംസ്ഥാന നിയമസഭയിൽ 100 എന്ന സംഖ്യയിലെത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞേനെ. ഇടത് സ്ഥാനാർഥിയായിരുന്ന കെപിഎം മുസ്തഫ വെറും 38 വോട്ടുകൾക്കായിരുന്നു ലീഗ് നേതാവ് നജീബ് കാന്തപുരത്തിനോട് പരാജയപ്പെട്ടത്. തോൽവിയ്ക്ക് പിന്നാലെ പെരിന്തൽമണ്ണയിലെ സിപിഎമ്മിന്‍റെ പ്രധാന നേതാക്കളിലൊരാളായ വി ശശികുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പാർട്ടി നടപടി എടുത്തിരുന്നു.
Also Read :
സിപിഎമ്മിനുള്ളിലെ സംഘടന ദൗര്‍ബല്യമാണ് പരാജയത്തിന് കാരണമെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി ശശികുമാർ, സി ദിവാകരൻ തുടങ്ങിയ നേതാക്കളെ തരംതാഴ്ത്തിയത്. ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ വീഴ്ച ബോധ്യമായതിന് ശേഷമാണ് പാർട്ടി നടപടി സ്വീകരിച്ചതെന്നാണ് സമ്മളനത്തിൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
Also Read :
മണ്ഡലത്തിന് യോഗ്യനായ സ്ഥാനാർഥി എന്ന നിലയിലാണ് കെപിഎം മുസ്തഫയ്ക്ക് സീറ്റ് നൽകിയത്. എന്നാൽ സ്ഥാനാർഥിയെ ഉൾക്കൊള്ളാൻ നേതാക്കളിൽ പലരും തയ്യാറായില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിയുടെ സ്വാധീനമേഖലകളിലാണ് മുസ്തഫ പിന്നിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ മുസ്‌ലിം സ്വാധീനമേഖലകളില്‍ പാര്‍ട്ടിക്ക് സ്വാധീനം വര്‍ധിച്ചെന്നും റിപ്പോർട്ടിലുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.